വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവേ പ്രസിഡന്റിനെ കൈവിട്ട് അമേരിക്കന്‍ ജനതയും. അമേരിക്കയിലെ ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം.
ഏറ്റവും പുതിയതായി പുറത്തുവന്ന മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങളിലാണ് ട്രംപിനെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്.
ഇതിലെ ആദ്യ സര്‍വേയില്‍ മഹാഭൂരിപക്ഷം പേരും ക്യാപിറ്റോള്‍ ആക്രമണത്തെ അതിശക്തമായി വിമര്‍ശിച്ചു. മറ്റു രണ്ട് സര്‍വേകളിലും ട്രംപിനെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്.
പ്യൂ റിസര്‍ച്ച് സെന്ററും വാഷിംഗ്ടണ്‍ പോസ്റ്റ് എബിസി ന്യൂസും റോയിട്ടേഴ്‌സും നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.