ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങള്‍ ഇന്നലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചു.
വൈറ്റ്ഹൗസിനു സമീപത്തും വാഷിങ്ടണ്‍ ഡി.സിയിലും ന്യൂയോര്‍ക്കിലെ ബാറ്ററി പാര്‍ക്കിലും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. യു.എസ് നടപടിയെ അപലപിച്ച് 57 മുസ്്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോ-ഓപ്പറേഷന്‍ ആണ് യു.എസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചും വിവേചനപരമായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയത്. ഓസ്‌കര്‍ വേദിയിലേക്കും ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധം കടന്നുകയറുകയാണ്.
ഓസ്‌കര്‍ പുരസ്‌കാരദാന വേദിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി വ്യക്തമാക്കി. വിദേശഭാഷാ വിഭാഗത്തില്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ദ സെയില്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഫര്‍ഹാദി. യു.എസിലെ ശ്രദ്ധേയമായ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗ്വില്‍ഡിലും ട്രംപിന്റെ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ബാള്‍ട്ടിമോര്‍, ബോസ്റ്റണ്‍, ബോയ്‌സി, ചിക്കാഗോ, ഡള്ളാസ്, ദത്രോയിറ്റ്, സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചും അഭയാര്‍ത്ഥികള്‍ക്കും മുസ്‌ലിംകള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഇന്നലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. അതേസമയം കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും വിലക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യു.എസ് ഭരണകൂടം വ്യക്തമാക്കി.
മുസ്‌ലിംകള്‍ക്കെതിരെയല്ല നടപടിയെന്നും അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിച്ചു. പാകിസ്താന്‍ ഉള്‍പ്പെടെ കൂടുതല്‍ രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ വിലക്ക് ബാധകമാക്കിയേക്കാമെന്നും യു.എസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
വൈറ്റ് ഹൗസിന്റെ വാദങ്ങളെ തള്ളി വിവിധ യു.എസ് സ്റ്റേറ്റുകള്‍ രംഗത്തെത്തി. ട്രംപിന്റെ നടപടിയെ അപലപിച്ച് 16 അമേരിക്കന്‍ സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളും പ്രമേയത്തെ പിന്തുണച്ചു. ട്രംപിന്റെ സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍നിന്നും നടപടിക്കെതിരെ എതിര്‍സ്വരം ഉയര്‍ന്നു.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജോണ്‍ മക്കൈന്‍, ലിന്‍സെ ഗ്രഹാം എന്നിവരാണ് പരസ്യ എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്കയുടെ സുരക്ഷയെയല്ല, ഭീകര റിക്രൂട്ട്‌മെന്റിനെയാണ് നടപടി സഹായിക്കുകയെന്ന് ഇരുവരും കുറ്റപ്പെടുത്തി. യു.എസ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി തലവന്‍ സഈദ് റഅദ് അല്‍ ഹുസൈനും കുറ്റപ്പെടുത്തി.