വാഷിങ്ടണ്‍: യുഎസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം സമ്മതിക്കാതെ ഡൊണാള്‍ഡ് ട്രംപ്. അന്തിമവിജയം തനിക്ക് തന്നെയാവുമെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. ‘നമ്മള്‍ വിജയിക്കും. പുരോഗമനമുണ്ട്. ഫലം അടുത്തയാഴ്ച പുറത്തുവരും’ ട്രംപ് ട്വീറ്റ് ചെയ്തു.
ബൈഡന്‍ വിജയിച്ച സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപ് ഫയല്‍ ചെയ്ത ഹര്‍ജികള്‍ പലതും കോടതി തള്ളി. ശേഷിക്കുന്ന ഹര്‍ജികളും തള്ളാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ തുടരുമെന്നും ആവര്‍ത്തിക്കുന്നുണ്ട്.
ട്രംപ് അധികാരത്തില്‍ തുടരുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എല്ലാ ലീഗല്‍ വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ ട്രംപിന് രണ്ടാം ഭരണമുണ്ടാവും. അതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും മൈക്ക് പോംപിയോ പറഞ്ഞു.