വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്‌തെന്നാണ് ട്രംപിന്റെ പുതിയ ആരോപണം. തോല്‍വി ഇതുവരെ സമ്മതിക്കാത്ത ട്രപ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യാപകമായി ഉപയോഗിക്കുന്ന യുഎസിലെ സാങ്കേതിക കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സംവിധാനത്തിനെതിരെയാണ് ട്രംപും, അനുകൂലികളും ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു ട്രംപ് അനുകൂല ബ്ലോഗില്‍ വന്ന പ്രതികരണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയുളള ഒരു റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് വോട്ടെണ്ണലില്‍ തിരിമറി നടന്നതായി ആരോപിക്കുന്നത്.
‘റിപ്പോര്‍ട്ട്: ദേശവ്യാപകമായി ഡൊമിനിയന്‍ ട്രംപിന്റെ 2.7 ദശലക്ഷം വോട്ടുകള്‍ നീക്കം ചെയ്തു. പെന്‍സില്‍വേനിയയിലെ 2,21,000 വോട്ടുകള്‍ ബൈഡന്റെതാക്കി മാറ്റിയെന്ന് ഡേറ്റാ അവലോകനം കണ്ടെത്തി. 9,41,000 ട്രംപ് വോട്ടുകള്‍ നീക്കം ചെയ്തു. ഡൊമിനിയന്‍ വോട്ടിങ് സംവിധാനം ട്രംപിന്റെ 4,35,000 വോട്ടുകള്‍ ബൈഡന് മറിച്ചുനല്‍കി.’ ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ 2020 അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്നും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളാണ് ട്രംപും അനുയായികളും ഉന്നയിക്കുന്നതെന്നും തെരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി വ്യക്തമാക്കി.