X
    Categories: Newsworld

‘മാര്‍ച്ച് ഫോര്‍ ട്രംപ്’; പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറങ്ങാതിരിക്കാന്‍ അവസാന അടവുമായി ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനം വിട്ടുപോകാതിരിക്കാനായി അവസാന അടവും പയറ്റി ഡൊണാള്‍ഡ് ട്രംപ്. 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന നിലപാടെടുത്തതിന് പിന്നാലെ വന്‍ പ്രതിഷേധസമരത്തിന് കൂടി ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്.

മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്.

അതേസമയം സെനറ്റിലും ട്രംപ് കാര്യമായ ചരടുവലികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് ഫലത്തില്‍ എതിര്‍പ്പുണ്ടെന്ന് അറിയിച്ചിരുന്നു. വോട്ടുകള്‍ ഔദ്യോഗികമായി എണ്ണുന്നതിനു വേണ്ടി ബുധനാഴ്ച നടത്തുന്ന ജോയിന്റ് സെഷനില്‍ എതിര്‍പ്പറിയിക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഇലക്ട്രല്‍ കോളേജ് വോട്ടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനങ്ങളില്‍ പത്ത് ദിവസം നീളുന്ന അന്വേഷണം വേണമെന്നാണ് ഈ സെനറ്റര്‍മാരുടെ ആവശ്യം.

നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Test User: