X

എന്തുവില കൊടുത്തും മെക്‌സിക്കന്‍ മതില്‍ പണിയും: ട്രംപ്

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും പ്രഖ്യാപിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ എല്ലാം തടസ്സപ്പെടുത്തുകയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അരിസോണയിലെ ഫീനിക്‌സില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

മതിലിനെ എതിര്‍ത്ത് അമേരിക്കക്കാരുടെ മുഴുവന്‍ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണ് ഡെമോക്രാറ്റുകളെന്ന് ട്രംപ് കുറ്റപ്പെടുത്തി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് ഫണ്ട് ഉറപ്പാക്കണമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് ഡെമോക്രാറ്റുകളുടെ പിന്തുണ കൂടി ആവശ്യമാണ്. അത് ലഭിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നത്. ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നിന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരും. 80 മിനുട്ട് നീണ്ട പ്രസംഗത്തില്‍ യു.എസ് മാധ്യമങ്ങളെ അദ്ദേഹം കടന്നാക്രമിച്ചു. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ വെള്ളക്കാരായ തീവ്രവംശീയവാദികളുടെ അക്രമങ്ങളെക്കുറിക്ക് താന്‍ നടത്തിയ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു.

മാധ്യമങ്ങളിലെ വിശ്വസിക്കാന്‍ കൊള്ളാത്തവരും വ്യാജ മാധ്യമങ്ങളും അമേരിക്കയുടെ ചരിത്രവും പൈതൃകവും തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ നമ്മുടെ രാജ്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെക്കുറിച്ച് സംസാരിക്കവെ വലതുപക്ഷ തീവ്രവാദികളെ പ്രത്യക്ഷത്തില്‍ അപലപിക്കാന്‍ ട്രംപ് തയാറാകാത്തത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

chandrika: