വത്തിക്കാന്‍: അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ ഡൊണാള്‍ഡ് ട്രംപിനെ അഭിപ്രായ ഭിന്നതകളെല്ലാം മറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. കാലാവസ്ഥ, കുടിയേറ്റം, അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും കൂടിക്കാഴ്ചയില്‍ പോപ്പ് നീരസമൊന്നും പ്രകടിപ്പിച്ചില്ല. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ പുസ്തകങ്ങളാണ് ട്രംപ് മാര്‍പാപ്പക്ക് സമ്മാനമായി നല്‍കിയത്. സമാധാനത്തിന്റെ പ്രതീകമായി ഒലീവ് ചില്ല പതിച്ച ഫലകമായിരുന്നു ട്രംപിനുള്ള മാര്‍പാപ്പയുടെ സമ്മാനം. ട്രംപിന്റെ നയങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വിരുദ്ധമായ തന്റെ മൂന്ന് അധ്യാപനങ്ങളുടെ പകര്‍പ്പും മാര്‍പാപ്പ അദ്ദേഹത്തിന് നല്‍കി. ഇരുവരുടെയും കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. അമേരിക്കന്‍ പ്രഥമ വനിത മലാനിയ ട്രംപും മകള്‍ ഇവാങ്കയും യു.എസ് പ്രതിനിധി സംഘത്തിലെ ചിലരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു മാര്‍പാപ്പ. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതിലു പണിയുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. പാലങ്ങള്‍ പണിയാതെ മതിലുകള്‍ പണിയുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നവന്‍ ക്രിസ്ത്യാനിയല്ലെന്നുപോലും മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ അദ്ദേഹത്തെ നിരാശനാക്കി. സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് അഭയം തേടി എത്തുന്നവരെ സഹായിക്കല്‍ ക്രിസ്ത്യാനിയുടെ ചുമതലയാണെന്ന് ട്രംപിനെ മാര്‍പാപ്പ ഉണര്‍ത്തിയിരുന്നു. മാര്‍പാപ്പയെ ട്രംപും വെറുതെവിട്ടിരുന്നില്ല. ക്രിസ്ത്യാനിയായ തന്റെ വിശ്വാസത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് മാര്‍പാപ്പ നടത്തിയ പരാമര്‍ശങ്ങള്‍ നിന്ദ്യമാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.
- 8 years ago
chandrika
Categories:
Views