വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വി അംഗീകരിക്കാന്‍ പ്രസിഡണ്ട് ട്രംപ് കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് വിടാന്‍ ട്രംപ് സന്നദ്ധനാകുന്നില്ല എന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡണ്ടിനെ അനുനയിപ്പിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മകള്‍ ഇവന്‍കയുടെയും മരുമകന്‍ ജെറാദ് കുഷ്‌നറുടെയും സഹായം തേടാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആരും ട്രംപിനോട് കാര്യങ്ങള്‍ പറയാന്‍ സന്നദ്ധമാകുന്നില്ലെന്ന് വൈറ്റ്ഹൗസിലെ എംഎസ്എന്‍ബിസി കറസ്‌പോണ്ടന്റ് ഹാലി ജാക്‌സണ്‍ പറയുന്നു. ട്രംപ് വഴങ്ങുന്നില്ലെന്നും തോല്‍വി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്നും സിഎന്‍എന്‍ വൈറ്റ് ഹൗസ് ലേഖിക കൈത്‌ലാന്‍ കോളിന്‍സ് വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് വിജയം ബൈഡനായാലും തോല്‍വി സമ്മതിക്കാന്‍ ട്രംപിന് പദ്ധതിയില്ലെന്ന് എന്നോട് ചില വൃത്തങ്ങള്‍ പറഞ്ഞതായി അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
തോല്‍വി ബോധ്യപ്പെടുത്താന്‍ വൈറ്റ് ഹൗസിലെ സീനിയര്‍ ഉപദേഷ്ടാവും മരുമകനുമായ ജെറാദ് കുഷ്‌നര്‍, മകള്‍ ഇവാന്‍ക ട്രംപ് തുടങ്ങിയ ആരെയെങ്കിലും നിയോഗിക്കും എന്നാണ് റിപ്പോര്‍ട്ട്. ട്രംപ് പോകാന്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് യുഎസ് സീക്രട്ട് സര്‍വീസും യുഎസ് മാര്‍ഷല്‍സുമാണ്. ഇവര്‍ക്കാണ് വൈറ്റ്ഹൗസിന്റെയും പ്രസിഡണ്ടിന്റെയും സുരക്ഷാ ചുമതല. ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ അദ്ദേഹത്തിനുള്ള സുരക്ഷ സീക്രട്ട് സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ട്രംപ് അനൂകൂലികളുടെ പ്രതിഷേധം നടക്കുന്ന സാഹചര്യവുമുണ്ട്.
അതിനിടെ, നെവാഡ, പെന്‍സില്‍ വാനിയ സ്റ്റേറ്റുകളില്‍ മേധാവിത്വം സ്ഥാപിച്ചതോടെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ഒരുപടി കൂടി അടുത്തു. 264 ഇലക്ടോറല്‍ വോട്ടുകളാണ് ഇപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബൈഡനുള്ളത്. ട്രംപിന് 214ഉം. 270 ഇലക്ടോറല്‍ വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.