വാഷിങ്ടന്‍; ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ വൈറ്റ്ഹൗസിലേക്ക് മാരകമായ വിഷം കലര്‍ന്ന കത്തയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും കാനഡയിലെ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍വന്ന വിലാസത്തില്‍നിന്ന് നേരത്തെ അയച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
2018ല്‍ റൈസിന്‍ വിഷമടങ്ങിയ കവര്‍ പ്രസിഡന്റിനും എഫ്ബിഐ ഡയറക്ടര്‍ക്കും പ്രതിരോധ സെക്രട്ടറിക്കും അയച്ച കേസില്‍ നാവികസേനയില്‍ നിന്നു വിരമിച്ച വില്യം ക്ലൈഡ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2014ല്‍ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താന്‍ ശ്രമിച്ച നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്ത് 18 വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിച്ചിരുന്നു. വിവാഹമോചനം നേടിയ ഭര്‍ത്താവിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ പേരിലാണ് ഷാനന്‍ അന്നു കത്തയച്ചത്.