ഹാനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരിഹാസം തുടരുന്നു. കഴിഞ്ഞ ദിവസം വയസ്സനെന്നാണ് ഉത്തരകൊറിയന്‍ പ്രതിനിധി ട്രംപിനെ വിശേഷിപ്പിച്ചത്. ഉന്നിനെ കുള്ളനും പൊണ്ണത്തടിയനുമെന്ന് പരോക്ഷമായി പരിഹസിച്ച് അതിന് ട്രംപ് ട്വിറ്ററിലൂടെ മറുപടിയും നല്‍കി.
‘കിം ജോങ് ഉന്നിനെ ഞാന്‍ ഒരിക്കലും കുള്ളനും പൊണ്ണത്തടിയനുമെന്ന് വിളിച്ചിട്ടില്ലെന്നിരിക്കെ, അയാള്‍ എന്തിനാണ് എന്നെ വയസ്സനെന്ന് വിളിക്കുന്നത്. അയാളുടെ സുഹൃത്താകാനാണ് എന്റെ ശ്രമം. ഒരു കാലത്ത് അത് സംഭവിക്കുമായിരിക്കും’-ട്രംപ് പറഞ്ഞു. ട്രംപിനെപ്പോലൊരു വൃദ്ധനായ ഭ്രാന്തന്റെ ജല്‍പനങ്ങള്‍ക്ക് തങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു.
പൊക്കക്കുറവ് കാരണം ബാല്യത്തില്‍ ഉന്നിന് അപകര്‍ഷതാബോധം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ മാതൃസഹോദരി വെളിപ്പെടുത്തിയിരുന്നു.
ഏഷ്യന്‍ പര്യടനം തുടങ്ങിയ ശേഷം ട്രംപ് നിരവധി തവണ ഉത്തരകൊറിയക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്.
സഖ്യരാജ്യങ്ങളുടെ പണസഞ്ചി ഊറ്റി ആയുധ കച്ചവടം കൊഴുപ്പിക്കാന്‍ നടക്കുന്ന യുദ്ധഭ്രാന്തനെന്നാണ് ഉത്തരകൊറിയ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഉന്നിനെ പരിഹസിക്കുന്നതും ഭരണനേതൃത്വത്തെ നിന്ദിക്കുന്നതും ഏറെ ഗൗരവത്തോടെയാണ് ഉത്തരകൊറിയ കാണുന്നത്.
ഹാനോയില്‍ മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഉന്‍ ഒരുകാലത്ത് തന്റെ സുഹൃത്തായേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ‘അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉത്തരകൊറിയക്ക് അതൊരു നല്ല കാര്യമായിരിക്കും. അതുണ്ടാകുമോ എന്ന് എനിക്കറിയില്ല. സംഭവിച്ചാല്‍ വളരെ, വളരെ നല്ലത്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.