X

ട്രംപ്-കിം ഉച്ചകോടി ആഘോഷിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍

.

പ്യോങ്യാങ്: രാഷ്ട്രത്തലവന്മാരായ ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ച ആഘോഷമാക്കി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. നയതന്ത്രതലത്തില്‍ രാജ്യത്തിന്റെ വിജയമായാണ് ഉത്തരകൊറിയന്‍ പത്രങ്ങള്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്. ആണവനിരായുധീകരണവും സംഘര്‍ഷ ലഘൂകരണവും ഉറപ്പുനല്‍കുന്ന കരാറിനെ മാധ്യമങ്ങള്‍ അഭിനന്ദിച്ചു.
ട്രംപും കിമ്മും ഒന്നിച്ചുനില്‍ക്കുന്ന ഫ്രണ്ട് പേജ് ഫോട്ടോകളുമായാണ് പത്രങ്ങള്‍ പുറത്തിറങ്ങിയത്. നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയെന്നായിരുന്നു റോദോങ് സിന്‍മുന്‍ പത്രത്തിന്റെ തലക്കെട്ട്്. ചരിത്രപ്രധാന ഉച്ചകോടിയെ പ്രകീര്‍ത്തിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പ്രത്യേക ലേഖനം തന്നെ നല്‍കി. ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണത്തിലാണ്. ഭരണകൂടത്തിന് അനുകൂലമായ വാര്‍ത്തകള്‍ മാത്രമേ അവര്‍ നല്‍കാറുള്ളൂ. സിംഗപ്പൂരില്‍ ട്രംപ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടിവി പ്രത്യേക കാര്‍ട്ടൂണ്‍ നല്‍കി. ജപ്പാനും ചൈനയും കരുതലോടെയാണ് ഉച്ചകോടിയോട് പ്രതികരിച്ചത്. സമ്പൂര്‍ണ ആണവനിരായുധീകരണം ഉണ്ടാകുമെന്ന കിമ്മിന്റെ ഉറപ്പില്‍ വിപുലമായ അര്‍ത്ഥമുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഉച്ചകോടിക്കുശേഷം ട്രംപുമായി ആബെ ഫോണില്‍ സംസാരിച്ചു. ദക്ഷിണകൊറിയയിലെ യു.എസ് സൈനിക വിന്യാസവും യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസവും കിഴക്കന്‍ ഏഷ്യയുടെ സുരക്ഷക്ക് ഏറെ പ്രധാനമാണെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംയുക്ത സൈനികഭ്യാസത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അമേരിക്കയും ദക്ഷിണകൊറിയയും ആണെന്നും ജപ്പാന്‍-യു.എസ് സൈനികാഭ്യാസത്തില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു. സന്തുലിത ചര്‍ച്ചയാണ് നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഉച്ചകോടിയില്‍ ചൈന വഹിച്ച പങ്ക് ആരും നിഷേധിക്കില്ലെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: