X

ട്രംപിനെതിരെ പൊട്ടിത്തെറിച്ച് ഒടുവില്‍ ഭാര്യയും; ജോണ്‍ മക്കൈന്‍ പിന്തുണ പിന്‍വലിച്ചു

trump

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും 2008ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളുമായ ജോണ്‍ മക്കൈന്‍ ട്രംപിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മക്കൈന്‍ പിന്തുണ പിന്‍വലിച്ചത്.

സ്ത്രീകളെ അപമാനിച്ചും ലൈംഗികച്ചുവയുമുള്ള ട്രംപിന്റെ 2005ലെ മൈക്രോഫോണ്‍ സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ക്ഷമാപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നെങ്കിലും പല പ്രമുഖരും പിന്തുണ പിന്‍വലിക്കല്‍ തുടരുകയാണ്. ‘തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ താന്‍ ബാധ്യസ്തനാണ്. ട്രംപ് ഒരിക്കലും തന്റെ ചോയ്‌സ് ആയിരുന്നില്ല. എന്നാല്‍, പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചയാളെന്ന നിലക്കാണ് അദ്ദേഹത്തെ അംഗീകരിച്ചത്. എന്നാല്‍ ട്രംപിന്റെ സ്ത്രീകളോടുള്ള നിലപാട് സര്‍വ പരിധികളും ലംഘിച്ച സാഹചര്യത്തില്‍ ഇനിയും പിന്തുണ നല്‍കാനാവില്ല- മക്കൈന്‍ പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ഭാര്യ മെലാനിയ ട്രംപും രംഗത്തെത്തി. ട്രംപിന്റെ വാക്കുകള്‍ അസ്വീകാര്യമാണെന്നും നിന്ദ്യമാണെന്നും മെലാനിയ പറഞ്ഞു. ‘ തനിക്കറിയുന്ന ട്രംപ് സ്ത്രീ വിരുദ്ധനല്ല, ഹൃദയാലുവും നേതൃ ഗുണമുള്ളയാളാണ് അദ്ദേഹം. ട്രംപിന്റെ ക്ഷമാപണം ജനങ്ങള്‍ സ്വീകരിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. രാജ്യവും ലോകവും നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധചെലുത്തണം – മെലാനിയ പറഞ്ഞു.

അതിനിടെ, പല റിപ്പബ്ലിക്കന്‍ ഡെലിഗേറ്റുകളും ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. ട്രംപ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് പിന്‍മാറണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ട്രംപ് നിരാകരിച്ചു.

Web Desk: