ഫെഡറൽ ഫണ്ടിങ്ങിൽ ട്രില്യൺ കണക്കിന് ഡോളർ മരവിപ്പിക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. സർക്കാർ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ എല്ലാ ഫെഡറൽ ഏജൻസികളോടും ട്രംപിൻ്റെ ഓഫീസ് നിർദേശിച്ചിരുന്നു.
ഫെഡറൽ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയൽ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ എൽ. അലിഖാൻ ഉത്തരവിട്ടത്. കേസിൽ അടുത്ത വാദം കേൾക്കുന്ന ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തിൽ തുടരും.
ഫെഡറൽ ഫണ്ടിങ് മരവിപ്പിച്ചത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്കുള്ള ധനസഹായത്തെ തടസ്സപ്പെടുത്തും. കാൻസർ ഗവേഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭവനം, ഭക്ഷ്യസഹായം, ഫെഡറൽ വിദ്യാർത്ഥി സഹായം തുടങ്ങിയ പദ്ധതികൾക്കും തിരിച്ചടി നേരിടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കോടതിയുടെ തീരുമാനത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ തീരുമാനം ഏതൊക്കെ പരിപാടികളെ ബാധിക്കുമെന്ന് സംസ്ഥാന ഉദ്യോഗസ്ഥർക്കും സംഘടനകൾക്കും ഇനിയും വ്യക്തത വന്നിട്ടില്ല. ഗവൺമെൻ്റ് സംരംഭങ്ങളെ പുനർമൂല്യനിർണയം ചെയ്യുന്നതിനും ഒഴിവാക്കേണ്ട പദ്ധതികൾ ഒഴിവാക്കാനുമാണ് ട്രംപ് ഭരണകൂടം ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചത്. ഈ നടപടി ഭരണഘടനാ വിരുദ്ധവും അവശ്യ സേവനങ്ങൾക്ക് തടസ്സവുമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകൾ വിമർശിച്ചു.
താഴ്ന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിന് അത്യാവശ്യമായ മെഡികെയ്ഡ് റീഇംബേഴ്സ്മെൻ്റ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. എന്നാൽ പണം നൽകുന്നതിനെ തീരുമാനം ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറപ്പുനൽകി, എന്നാൽ സുപ്രധാന പദ്ധതികളുടെ ഭാവിയെക്കുറിച്ച് ഇപ്പോഴും കാര്യമായ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.