X

ഇന്ത്യക്കും ട്രംപിന്റെ വിലക്ക്; കാശ്മീരി അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: ഏഴു ഇസലാമിക രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം കുടിയേറ്റക്കാരെ വിലക്കി ട്രംപിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരുന്നു. രണ്ടു കാശ്മീരി അത്‌ലറ്റുകള്‍ക്കാണ് വിസ നിഷേധിച്ചത്. ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് അമേരിക്ക വിസ നിഷേധിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കിത്തിലായിരുന്നു അത്‌ലറ്റുകള്‍. എന്നാല്‍ ന്യൂയോര്‍ക് സാരാനാക് മേയര്‍ കൈളഡ് റബിഡോ ആബിദ് ഖാന് വിസ നിഷേധിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. യാത്രക്കാവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയെങ്കിലും വിസ നിഷേധിക്കുകയായിരുന്നുവെന്ന് ആബിദ് ഖാന്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏഴു ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ് നിലവില്‍ വരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. വിമാനത്താവളങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്യുകയായിരുന്നു.

chandrika: