ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് ജയിച്ച 2016 വര്‍ഷത്തില്‍ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആദായ നികുതി അടച്ചത് വെറും 750 ഡോളര്‍. പ്രസിഡണ്ട് പദത്തിലിരുന്ന ആദ്യവര്‍ഷത്തിലും ട്രംപ് 750 ഡോളര്‍ മാത്രമേ നികുതിയടച്ചുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിലാണ് ട്രംപിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് പത്രം പുറത്തുവിട്ടത്.
കഴിഞ്ഞ 15 വര്‍ഷത്തില്‍ പത്തു വര്‍ഷമായി ട്രംപ് നികുതിയടച്ചിട്ടില്ലെന്നും ലോങ് കണ്‍സീല്‍ഡ് റെക്കോര്‍ഡ് ഷോ ട്രംപ്‌സ് ക്രോണിക് ലോസക് ആന്‍ഡ് ഇയേഴ്‌സ് ഓഫ് ടാക്‌സ് അവോയ്ഡന്‍സ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 18 വര്‍ഷത്തെ പ്രസിഡണ്ടിന്റെ നികുതി റിട്ടേണുകളാണ് പത്രം പരിശോധിച്ചത്. ഇതില്‍ 11 വര്‍ഷവും ട്രംപ് നികുതി അടച്ചിട്ടില്ല.
യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്. ഏതെങ്കിലും സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ വിവരങ്ങല്ല ഇതെന്നും പത്രം വ്യക്തമാക്കി. 2018ലെ ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ 766-ാം സ്ഥാനത്താണ് ട്രംപ്. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. യു.എസിലെ കോടീശ്വര പട്ടികയില് 248 ആണ് യുഎസ് പ്രസിഡണ്ടിന്റെ സ്ഥാനം.
വര്‍ഷങ്ങളായി വ്യാപാരം മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് നികുതി അടക്കാതിരിക്കാനുള്ള കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. ലോകത്തുടനീളം ഹോട്ടല്‍ ശൃംഖലകളും ഗോള്‍ഫ് കേന്ദ്രങ്ങളും ട്രംപ് നേതൃത്വം നല്‍കുന്ന ട്രംപ് ഓര്‍ഗനൈസേഷനുണ്ട്.
ഹെയര്‍ സ്‌റ്റൈലിങിനു മാത്രമായി 70000 ഡോളര്‍ ട്രംപ് ചെലവഴിച്ചുവെന്ന രസകരമായ വസ്തുതയും റിപ്പോര്‍ട്ടിലുണ്ട്. ട്രംപ് ഓര്‍ഗനൈസേഷനു വേണ്ടി ജോലി ചെയ്ത മകള്‍ ഇവാന്‍ക ട്രംപിന് വേണ്ടി കണ്‍സള്‍ട്ടിങ് ഫീസായി ഒരിക്കല്‍ നല്‍കിയത് 747,622 ഡോളറാണ്.
നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.