X

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയാറാണെന്ന് ട്രംപ്

വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം കിം ജോങ് ഉന്നിനെ പ്രകീര്‍ത്തിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചക്ക് ന്നദ്ധതയും വെളിപ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഉന്നുമായുള്ള കൂടിക്കാഴ്ച നല്ലതാണെങ്കില്‍, ഉറപ്പായും അതുണ്ടാവും. മാത്രമല്ല, ആ കൂടികാഴ്ച എന്നെ സംബന്ധിച്ച് ഒരു ബഹുമതിയുമാണ്’ ട്രംപ് പറഞ്ഞു. എന്നാല്‍, ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് തയാറാകില്ലെന്നും സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മാത്രമേ ഈ കൂടിക്കാഴ്ച ഉണ്ടാവുകയുള്ളൂ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉന്നുമായുള്ള ട്രംപിന്റെ സൗഹൃദ ശ്രമങ്ങളോട് കരുതലോടെയാണ് വൈറ്റ്ഹൗസ് പ്രതികരിച്ചത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി ഉത്തര കൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആണവ പരീക്ഷണങ്ങള്‍ അടക്കമുള്ള വിഷയത്തില്‍ വൈറ്റ്ഹൗസ് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

‘സാഹചര്യങ്ങള്‍ അനുകൂലമായാല്‍’ എന്ന പ്രയോഗമാണ് പ്രസിഡന്റ് ട്രംപ് ഉപയോഗിച്ചതെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുകൂലമല്ലന്നും വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ ചൂണ്ടിക്കാട്ടി.

chandrika: