X
    Categories: Views

യു.എസിന്റെ അതീവ രഹസ്യങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അമേരിക്കയുടെ അതീവരഹസ്യ സ്വഭാവമുള്ള രഹസ്യങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ കരിനിഴലില്‍ നില്‍ക്കുന്ന ട്രംപിന് പുതിയെ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയായി. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിന്റെ ഓവല്‍ ഓഫീസില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എസ് ഭരണകൂടത്തിന്റെ രഹസ്യ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലിയാക്കും ലാവ്‌റോവിനോടൊപ്പമുണ്ടായിരുന്നു.

ഭീകരസംഘടനയായ ഇസ്്‌ലാമിക് സ്‌റേറ്റി(ഐ.എസ്)നെക്കുറിച്ച് അമേരിക്കയുടെ ഒരു സഖ്യകക്ഷി നല്‍കിയ രഹസ്യവിവരമാണ് ട്രംപ് ലാവ്‌റോവുമായി പങ്കുവെച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുമായി ആലോചിക്കാതെയായിരുന്നു ട്രംപിന്റെ ഈ നീക്കമെന്നും പത്രം പറയുന്നു. ഐ.എസിന്റെ അണിയറനീക്കങ്ങളെക്കുറിച്ച് നല്ലപോലെ അറിയുന്ന സഖ്യരാജ്യത്തിന്റെ ഇന്റലിജന്‍സ് സ്‌ത്രോസിനെപ്പോലും അപകടപ്പെടുത്താന്‍ ട്രംപിന്റെ നടപടി കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ഒരു ശത്രുരാജ്യവുമായി രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിമയവിരുദ്ധമാണ്. എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിനു തൊട്ടുടുത്ത ദിവസമാണ് ലാവ്‌റോവുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ റഷ്യക്ക് രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ നിഷേധിച്ചു. പൊതുസമൂഹത്തിന് അറിയാത്ത ഒരു ഇന്റലിജന്‍സ് വിവരവും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മക്മാസ്റ്ററിന്റെ പ്രസ്താവനയില്‍നിന്ന് വ്യത്യസ്തമായി സംഭവത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ച ട്രംപ് റഷ്യക്ക് വിവരങ്ങള്‍ കൈമാറിയതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഭീകരതയുമായും വ്യോമസുരക്ഷയുമായും ബന്ധപ്പെട്ട വിവരങ്ങളാണ് ലാവ്‌റോവുമായി പങ്കുവെച്ചതെന്നും ഐ.എസിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. അങ്ങനെ ചെയ്യാന്‍ തനിക്ക് പൂര്‍ണമായ അധികാരമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ നടപടി അപകടകരവും അപക്വവുമാണെന്ന് യു.എസ് സെനറ്റ് അംഗവും മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവുമായ ഡിക്ക് ഡര്‍ബിന്‍ പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് അറിയില്ലെങ്കിലും ദേശീയ രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് വന്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും യു.എസ് കോണ്‍ഗ്രസ് സ്പീക്കറുമായ പോള്‍ റയാന്‍ അഭിപ്രായപ്പെട്ടു.

chandrika: