X
    Categories: Culture

ട്രംപിന്റെ മുസ്ലിം വിരുദ്ധ ഉത്തരവിന് യു.എസ് സുപ്രീം കോടതിയുടെ പച്ചക്കൊടി

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസ്സിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവിനാണ് പരമോന്നത കോടതി അംഗീകാരം നല്‍കിയത്. കീഴ്‌ക്കോടതികളുടെ ഇടപെടലിനെ തുടര്‍ന്ന് നിയമം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.

ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 90 ദിവസത്തേക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്കും പ്രവേശനാനുമതി നിഷേധിക്കാമെന്ന് ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നീല്‍ ഗോര്‍സച്ച് എന്നിവര്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കൊണ്ടുവന്ന നിയമം നിലനിര്‍ത്തണോ ഒഴിവാക്കണോ എന്ന കാര്യം ഒക്ടോബറില്‍ കോടതി തീരുമാനിക്കും.

കീഴ്‌ക്കോടതികളുടെ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ട്രംപിന്റെ ‘സ്വപ്‌ന’ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വൈവാഹിക ബന്ധത്തിലൂടെയോ മറ്റോ അമേരിക്കന്‍ പൗരന്മാരുമായി ‘ബോണ ഫിഡെ’ ബന്ധമുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. അങ്ങനെയല്ലാത്തവര്‍ക്ക് നിശ്ചിത കാലത്തേക്ക് അമേരിക്കന്‍ പ്രവേശിക്കാന്‍ കഴിയില്ല.

ജനുവരി 27-നാണ് വിവാദ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൈക്കൊണ്ടിരുന്ന തീവ്ര വലതുപക്ഷ അമേരിക്കന്‍ ചിന്താഗതിയുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍, ഇതിനെതിരെ വിമാനത്താവളങ്ങളിലടക്കം നിരവധി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭീകരവാദത്തെ അകറ്റിനിര്‍ത്തുന്നതിനു വേണ്ടിയാണ് നിയമം എന്നാണ് ട്രംപിന്റെ ഭാഷ്യം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: