ട്രംപിന് തിരിച്ചടി; ട്രാൻസ്ജന്റർമാരെ സൈന്യത്തിലെടുക്കുന്നത് തടഞ്ഞ ഉത്തരവിനെതിരെ കോടതി

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍നിന്നും നീക്കം ചെയ്യാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി മരവിപ്പിച്ചു. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഉത്തരവിനെ കോടതി നിര്‍ത്തലാക്കിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ യുഎസ് ഫെഡറല്‍ ജഡ്ജി അന്ന റെയ്‌സാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഭരണഘടനാ സംരക്ഷണങ്ങളെ ലംഘിക്കാന്‍ സാധ്യതയുള്ളതാണ് ട്രംപിന്റെ ഉത്തരവെന്ന് കോടതി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനുവരി അവസാനം ഉത്തരവിട്ടിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവരെ സൈന്യത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഉത്തരവ്.

അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 15,500 ട്രാന്‍സ് വ്യക്തികളാണ് അമേരിക്കന്‍ സൈന്യത്തിലുണ്ടായിരുന്നത്. വനിതകളുടെ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്‍പ്പെട്ടവരെ ഒഴിവാക്കിയും ട്രംപ് വിവാദമുണ്ടാക്കിയിരുന്നു.

webdesk13:
whatsapp
line