X

ഫലം മറിയുമോ: വിസ്‌കോണ്‍സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിയ വിജയം സമ്മാനിച്ച വിസ്‌കോണ്‍സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തീരുമാനമായി. ഗ്രീന്‍ പാര്‍ട്ടി നേതാവ് ജില്‍ സ്റ്റെയിനിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടിയെന്ന് വിസ്‌കോണ്‍സിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മെഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലും വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിസ്‌കോണ്‍സ് തെരഞ്ഞെടുപ്പില്‍ വീണ്ടും എണ്ണുന്നതിനോട് സഹകരിക്കുമെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. വിസ്‌കോണ്‍സില്‍ ഫലം മറിഞ്ഞാലും ട്രംപിന് സ്ഥാന ചലനം സംഭവിക്കില്ല. മറ്റു രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ഫലം മാറിയാല്‍ മാത്രമെ ഹിലരിക്ക് അനുകൂലമാവൂ. ഈ ആഴ്ച തന്നെ വോട്ട് വീണ്ടും എണ്ണുമെന്നാണ് അറിയുന്നത്. ചിലവ് വോട്ടെണ്ണല്‍ ആവശ്യപ്പെട്ടവര്‍ തന്നെ വഹിക്കണം. യുഎസ് തെരഞ്ഞെടുപ്പ് ഫലം ഹാക്കര്‍മാര്‍ അട്ടിമറിച്ചുവെന്ന് വ്യാപകമായി പ്രചാരം ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാന്‍ മറ്റു പാര്‍ട്ടികള്‍ക്കായില്ല. അതേസമയം വീണ്ടും എണ്ണുമെന്ന വാര്‍ത്തകളോട് ട്രംപ് ക്യാമ്പ് പ്രതികരിച്ചട്ടില്ല. 290 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഹിലരിക്ക് 232 വോട്ടുകളെ നേടാനായുള്ളൂ. അതേസമയം ജനപ്രിയ വോട്ടെടുപ്പില്‍ ഹിലരിക്കായിരുന്നു വിജയം.

chandrika: