അമേരിക്കയിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളിൽ യു.എസ് സേനയെ ഇടപെടുത്താനുള്ള ഏത് നീക്കവും അപകടകരമാണെന്ന് 10 മുൻ പ്രതിരോധ സെക്രട്ടറിമാർ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി അംഗീരിക്കാതെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് അനുകൂലമായി കാര്യങ്ങൾ നീക്കാൻ പെന്റഗണിൽ സമ്മർദ്ദം ചെല്ലുത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് നേതാക്കളായ മുൻ പ്രതിരോധ സെക്രട്ടറിമാർ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. ജനുവരി 20ന് സമാധാനപരമായി അധികാര കൈമാറ്റം നടത്താൻ ട്രംപ് ഭരണഘടനാപരമായി നീങ്ങണമെന്ന് വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ അവർ ആവശ്യപ്പെട്ടു. ട്രംപ് തോൽവി അംഗീകരിക്കാനും ജോ ബൈഡനെ പിൻഗാമിയായി പ്രഖ്യാപിക്കാനും സമയമായിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നതിന് യു.എസ് സായുധ സേനയെ ഇടപെടുത്തുന്നത് അപകടകരവും ഭരണഘടനാ വിരുദ്ധവുമായ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് ലേഖനത്തിൽ പറയുന്നു. യു.എസ് തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിൽ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി ഉൾപ്പെടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയോടല്ലാതെ ഏതെങ്കിലും വ്യക്തിയോടും രാഷ്ട്രീയ പാർട്ടിയോടും സൈന്യത്തിന് വിധേയത്വമില്ലെന്ന് അവർ വ്യക്തമാക്കി. ട്രംപിന് കീഴിൽ പ്രതിരോധ മേധാവിമാരായി പ്രവർത്തിച്ചിരുന്ന മാർക് എസ്പറിനും ജെയിംസ് മാറ്റിസിനും പുറമെ, ഡിക് ചെനി, വില്യം പെറി, ഡൊണാൾഡ് റംസ്ഫെൽഡ്, വില്യം കോഹെൻ, റോബർട് ഗേറ്റ്സ്, ലിയോൺ പെനറ്റ, ചക് ഹെഗൽ, ആഷ് കാർടർ തുടങ്ങിയവരും ലേഖനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.