വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുജനാരോഗ്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മദ്യത്തിന് അടിമയായി 43-ാം വയസ്സില്‍ തന്റെ മൂത്ത സഹോദരന്‍ മരിക്കാനിടയായ കാരണം വിശദീകരിച്ചാണ് ട്രംപ് മദ്യത്തിന് അടിമപ്പെടാത്താത്തതിന്റെ കാരണം വ്യക്തമാക്കിയത്.
‘ എനിക്കൊരു സഹോദരനുണ്ടായിരുന്നു. ഫ്രെഡ് ട്രംപ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സുന്ദരനും മികച്ച വ്യക്തിത്വവുമുള്ള അദ്ദേഹം ചെറുപ്പത്തില്‍ തന്നെ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മരണത്തോട് മല്ലിട്ടപ്പോള്‍ അദ്ദേഹം എന്നോട് മദ്യം ഒരിക്കലും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ മാനിച്ചാണ് ഞാന്‍ അന്നു മുതല്‍ മദ്യപാനവും പുകവലിയും ഉപേക്ഷിച്ചത്. അദ്ദേഹത്തിന്റെ ദുരിതത്തിലൂടെയാണ് ഞാന്‍ മദ്യത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചത്’, ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഉപയോഗത്തിനെതിരെ വിവിധ ബോധവല്‍ക്കരണ പദ്ധതികളാണ് തുടക്കമിട്ടിരിക്കുന്നത്. ഓപ്പിയോയിഡിനെതിരെ ബോധവല്‍ക്കരണം ആരംഭിക്കേണ്ടത് യുവാക്കളില്‍ നിന്നാണെന്ന് ട്രംപ് പറഞ്ഞു.