വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ വെബ്‌സൈറ്റില്‍നിന്ന് മുസ്്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു.
അമേരിക്കയിലേക്ക് കടക്കുന്നതില്‍നിന്ന് മുസ്്‌ലിംകളെ പൂര്‍ണമായും വിലക്കണമെന്ന 2015 ഡിസംബര്‍ ഏഴിലെ പ്രസ്താവനയാണ് ട്രംപിന്റെ ടീം വെബ്‌സൈറ്റില്‍നിന്ന് നീക്കിയത്. മുസ്്‌ലിം ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിനും അമേരിക്കക്കാരോട് കടുത്ത വെറുപ്പാണെന്ന് പ്യൂ റിസര്‍ച്ചിന്റെ സര്‍വേയില്‍ കണ്ടെത്തിയെന്നാണ് വെബ്‌സൈറ്റില്‍നിന്ന് നീക്കിയ മറ്റൊരു പ്രസ്താവന. മുസ്്‌ലിംകള്‍ക്കെതിരെയുള്ള ട്രംപിന്റെ വേറെയും പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടന്ന നവംബര്‍ എട്ടു വരെ ട്രംപിന്റെ വെബ്‌സൈറ്റില്‍ ഈ പ്രസ്താവനകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് തൊട്ടുമുമ്പാണ് മുസ്്‌ലിം വിരോധം ആളിക്കത്തുന്ന പരാമര്‍ശങ്ങള്‍ നീക്കിയത്.
ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയിലും അന്താരാഷ്ട്ര രംഗത്തും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ട്രംപും അനുയായികളും തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.