X
    Categories: Newsworld

ബൈഡന്‍ ജയിച്ചെന്നു കരുതേണ്ട; തോല്‍വി അംഗീകരിക്കാതെ ട്രംപ്

വാഷിങ്ടണ്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ വിജയിച്ചെന്ന് കരുതേണ്ടെന്നും നിയമയുദ്ധത്തിന് തുടക്കം കുറിക്കുകയാണ് എന്നും ട്രംപ് പറഞ്ഞു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നു എന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ, മുന്നൂറിലേറെ ഇലക്ടോറല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബൈഡന്‍ അവകാശപ്പെട്ടു. യുഎസില്‍ വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തമായ ഭൂരിപക്ഷത്തിലേക്കാണു നീങ്ങുന്നതെന്നും രാജ്യത്തെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അരിസോണയിലെയും ജോര്‍ജിയയിലെയും ഫലം ചൂണ്ടിക്കാട്ടി ബൈഡന്‍ പറഞ്ഞു. 40 ലക്ഷം വോട്ടുകള്‍ക്കു ഡോണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ നമ്മള്‍ എതിരാളികള്‍ ആയിരിക്കാം. എന്നാല്‍ ശത്രുക്കളല്ല, നമ്മള്‍ അമേരിക്കക്കാരാണ്. ബൈഡന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കോവിഡിനെ ചെറുക്കുക എന്നതിനായിരിക്കും പ്രാമുഖ്യമെന്നു ബൈഡന്‍ പറഞ്ഞു. നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല. എന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ബൈഡന്‍ പറഞ്ഞു.

അതിനിടെ, ജനവിധിക്കെതിരെ നിയമപോരാട്ടം നടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്ന് മുന്‍ ഉപദേഷ്ടാവ് പ്രതികരിച്ചു. നിയമപോരാട്ടം പരിമിതമാണ് എന്നും ട്രംപ് ഭരണത്തിന്റെ അന്ത്യമായി എന്നും അദ്ദേഹം വാര്‍ത്താ മാധ്യമമായ എന്‍പിആറിനോട് പറഞ്ഞു. ഉപദേഷ്ടാവിന്റെ പേരു വെളിപ്പെടുത്താതെയാണ് എന്‍പിആര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Test User: