വാഷിങ്ടണ്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് ലൈംഗിക താല്‍പര്യമുണ്ടായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കാറപകടത്തില്‍ ഡയാന മരണപ്പെട്ട് മൂന്നു വര്‍ഷത്തിനുശേഷം ഒരു റേഡിയോ അഭിമുഖത്തില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവസരം കിട്ടിയിരുന്നെങ്കില്‍ യാതൊരു മടിയും കൂടാതെ ഡയാനയുമായി കിടപ്പറ പങ്കിടുമായിരുന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഡയാനയുടെ സൗന്ദര്യത്തെ വര്‍ണിച്ചും മറ്റും വിവാദപൂര്‍ണമായ നിരവധി പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കേള്‍ക്കാം. ഡയാനക്ക് വട്ടായിരുന്നുവെങ്കിലും സുന്ദരിയായിരുന്നുവെന്ന് ട്രംപ് പറയുന്നു. ലോകത്തിലെ മൂന്നാമത്തെ ഹോട്ടായ സ്ത്രീയായിരുന്നു ഡയാനയെന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു. ഇപ്പോഴത്തെ ഭാര്യ മെലാനിയയും മുന്‍ ഭാര്യ ഇവാനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഹോളിവുഡ് നടി ആഞ്ജലീന ജൂലിയെക്കുറിച്ചും ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ട്രംപിന്റെ ദി ആര്‍ട്ട് ഓഫ് ദി കം ബാക്ക് എന്ന പുസ്തകത്തില്‍ ഡയാനയെ ഡ്രീം ലേഡിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 1995ല്‍ മാന്‍ഹട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഡയാനയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ രണ്ടാമത്തെ ഭാര്യ മാര്‍ലയും അതിന് സാക്ഷിയായി. അതിനുശേഷം ചാള്‍സുമായുള്ള വിവാഹമോചനത്തിനുശേഷം ഡയാനയുടെ 35-ാം ജന്മവാര്‍ഷിക ദിനത്തില്‍ ട്രംപ് പൂക്കള്‍ അയച്ചുകൊടുത്തു.
വിവാഹമോചനത്തില്‍ സഹതാപം അറിയിക്കുന്ന സന്ദേശവും അതോടൊപ്പം ട്രംപ് അയക്കുകയുണ്ടായി. അഭിമുഖം നല്‍കിയ കാലത്ത് ബിസിനസുകാരന്‍ മാത്രമായിരുന്ന ട്രംപ് തന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും പറയുന്നുണ്ട്. 1990 മുതല്‍ 2000ത്തിന്റെ തുടക്കം വരെ ഹൊവാര്‍ഡ് സ്റ്റേന്‍ ഷോയില്‍ ട്രംപ് പതിവ് സന്ദര്‍ശകനായിരുന്നു.