X
    Categories: CultureViews

ട്രംപിന് കോടതിയില്‍ വീണ്ടും തിരിച്ചടി; യാത്രാ വിലക്ക് റദ്ദാക്കി

മുസ്‌ലിം രാജ്യങ്ങളടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കോടതിയില്‍ തിരിച്ചടി. ഹലൂലുവിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഡെറിക് വാട്ട്‌സണ്‍ ആണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദാക്കിയത്. ഹവായ് സ്റ്റേറ്റിന്റെ പരാതിയെ തുടര്‍ന്നാണിത്. ഇറാന്‍, ലിബിയ, സിറിയ, യമന്‍, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വെനിസ്വെലയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഈയാഴ്ചയാണ് നിലവില്‍ വരുന്നത്.

ഫെഡറല്‍ കുടിയേറ്റ നിയമത്തിന്റെ ലംഘനമാണ് ട്രംപിന്റെ ഉത്തരവെന്ന ഹവായുടെ വാദം അംഗീകരിച്ച ജഡ്ജ്, ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ പൗരന്മാരും അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നതിന്റെ തെളിവില്ലെന്ന് നിരീക്ഷിച്ചു. മുമ്പ് ആറു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് വിലക്കേര്‍പ്പെടുത്തിയ നിയമവുമായി ഇതിന് വ്യത്യാസമില്ലെന്നും കോടതി വ്യക്തമായി. കഴിഞ്ഞ മാര്‍ച്ചില്‍, അഞ്ച് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള കുടിയേറ്റം നിരോധിച്ച ട്രംപിന്റെ ഉത്തരവ് ഇതേ ജഡ്ജ് റദ്ദാക്കിയിരുന്നു.

നിയമ വാഴ്ചയുടെ വിജയമാണ് കോടതി വിധിയെന്ന് ഹവായ് അറ്റോണി ജനറല്‍ ഡഗ് ചിന്‍ പറഞ്ഞു. അപകടകരമാം വിധം പിഴവുള്ളതാണ് വിധി എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: