വാഷിങ്ടണ്‍: ഇറാന്‍ വംശജനായ അഞ്ചു വയസുകാരനെ കൈകള്‍ ബന്ധിച്ച് മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ച ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം. ഏഴു മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയതിനുശേഷമാണ് വിമാനത്താവള അധികൃതര്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
ഭീകരവാദിയോടെന്ന പോലെയാണ് അവര്‍ കുട്ടിയോട് പെരുമാറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുട്ടിയെ വിലങ്ങുവെച്ചുകൊണ്ടുപോയ ശേഷം നാലു മണിക്കൂറിലേറെ സമയം മാതാവില്‍നിന്ന് അകറ്റിനിര്‍ത്തി. ആശങ്കയോടെ കാത്തുനിന്ന യുവതി കുട്ടിയുമായി സംഗമിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. ഒരു കുട്ടിയെ ദീര്‍ഘനേരം കസ്റ്റഡിയില്‍വെച്ചത് തീര്‍ത്തും അന്യായമാണെന്ന് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പറഞ്ഞു. യു.എസ് പൗരന്മാരായ അമ്മയും കുഞ്ഞും മേരിലാന്‍ഡിലാണ് താമസിക്കുന്നത്.
എന്നാല്‍ കുട്ടിയെ കസ്റ്റഡിയില്‍ വെച്ചതിനെ അമേരിക്കന്‍ ഭരണകൂടം ന്യായീകരിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് കുട്ടിയെ കൈയാമം വെച്ചതും തടഞ്ഞതുമെന്ന് വൈറ്റ്ഹൗസ് സോണ്‍ സ്‌പൈസര്‍ പറഞ്ഞു.
പ്രായത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാള്‍ ഭീഷണിയല്ലെന്ന് വിലയിരുത്തുന്നത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ നിരോധന ഉത്തരവിനെ തുടര്‍ന്ന് അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് ആളുകളെ തടഞ്ഞുവെച്ചിരുന്നു. കുട്ടിയെ തടഞ്ഞുവെച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകള്‍ വളരെ രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്.