വാഷിങ്ടണ്‍: അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ മുന്‍ പ്ലേബോയ് മോഡലിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംഭാഷണം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. ന്യൂയോര്‍ക്കില്‍ കോഹന്റെ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡുകളിലാണ് ഓഡിയോ ടേപ്പുകള്‍ കണ്ടെടുത്തത്.
കോഹന്റെ നടപടിയെ ട്രംപ് ട്വിറ്ററിലൂടെ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് ഇതെന്നും എഫ്.ബി.ഐ റെയ്ഡിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് ട്രംപും കോഹനും നടത്തിയ ചര്‍ച്ചയാണ് ടേപ്പിലുള്ളത്. ട്രംപുമായി തനിക്ക് 10 മാസത്തോളം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പശ്ചാത്തലത്തില്‍ വിവരം മറച്ചുവെക്കാന്‍ സാമ്പത്തിക കരാറുണ്ടാക്കിയെന്നും കാരെന്‍ വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലും തെരഞ്ഞെടുപ്പ് നിയമ ലംഘനത്തിനും കോഹെന്‍ അന്വേഷണം നേരിടുകയാണ്. കാരെനുമായി അവിഹിതബന്ധമുണ്ടായിരുന്നില്ലെന്ന ട്രംപിന്റെ വാദമാണ് ടേപ്പിലൂടെ പൊളിയുന്നത്. മോഡലിന് കരാറുണ്ടാക്കുന്നതിനെക്കുറിച്ച് ട്രംപും കോഹനും ചര്‍ച്ച നടത്തിയെങ്കിലും പണം നല്‍കിയിട്ടില്ലെന്ന് മറ്റൊരു അഭിഭാഷകനും വെളിപ്പെടുത്തി.
ട്രംപിന്റെ ഒരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ എന്‍ക്വയറിന് തന്റെ കഥകള്‍ നല്‍കാമെന്നാണ് കാരെന്‍ കാറുണ്ടാക്കിയിരുന്നത്. ട്രംപുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറിയായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പരസ്യമായി പറയരുതെന്നുമായിരുന്നു മോഡലുമായുള്ള വ്യവസ്ഥ. പക്ഷെ, ട്രംപ്-കാരെന്‍ ബന്ധത്തിന്റെ കഥ മാഗസിന്‍ പ്രസിദ്ധീകരിച്ചില്ല. ട്രംപിന്റെ ഗൂഢാലോചനയുടെ ഫലമായി മാഗസിന്‍ തന്നെ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് മോഡല്‍ പറയുന്നു.