വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ കത്തിലാണ് ഇതേക്കുറിച്ച് പറയുന്നത്. മൂന്ന് വര്‍ഷത്തോളം ഈജിപ്ഷ്യന്‍ ജയിലില്‍ കഴിഞ്ഞ അമേരിക്കന്‍ പൗരന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ അയ ഹിജാസി മോചിതനായ ശേഷമാണ് ട്രംപ് സിസിയെ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് ‘ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ്ഹൗസ്’ എന്ന പുസ്തകത്തില്‍ പറയുന്നു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സിസിയെ ട്രംപ് അഭിനന്ദിക്കുകയായിരുന്നു പതിവ്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയില്‍നിന്നും വ്യത്യസ്തമായി സിസിയെ അദ്ദേഹം വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. അസാധാരണ വ്യക്തിയൊണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജനാധിപത്യ മര്യാദകള്‍ അട്ടിമറിച്ച് 97 ശതമാനം വോട്ടുകളോടെ സിസി വീണ്ടും അധികാരത്തിലെത്തിയപ്പോഴും ട്രംപ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
ഒബാമയുടെ കാലത്ത് യു.എസ്-ഈജിപ്ത് ബന്ധം തകര്‍ച്ചയുടെ വക്കിലായിരുന്നു. പിന്നീട് ട്രംപ് മുന്‍കൈയെടുത്ത് ബന്ധം ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെയാണ് സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം സിസിയെ കുറ്റപ്പെടുത്തി സംസാരിച്ചത്. വൈറ്റ്ഹൗസില്‍ ട്രംപിനും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ രൂപംകൊണ്ടിരിക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ വിവരിക്കുന്ന പുസ്തകത്തില്‍ ഞെട്ടിക്കുന്ന നിരവധി വിവരങ്ങളുണ്ട്. ട്രംപിന്റെ പെരുമാറ്റം അപകടകരായ വിധത്തില്‍ പിഴച്ചതും ദുരൂഹവുമാണെന്ന് വുഡ്‌വാര്‍ഡ് പറയുന്നു. ഒരുഘട്ടത്തില്‍ സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ കൊലപ്പെടുത്താന്‍ പോലും ട്രംപ് ഉത്തരവിട്ടെന്നാണ് വുഡ്‌വാര്‍ഡിന്റെ വെളിപ്പെടുത്തല്‍. പുസ്തകത്തെ കെട്ടുകഥയെന്ന് വിളിച്ച് ട്രംപ് തള്ളിക്കളഞ്ഞിരുന്നു.