വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണത്തില്‍ രോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇയാള്‍ക്ക് ജീവിതത്തില്‍ മറ്റു നല്ല കാര്യങ്ങളൊന്നും ചെയ്യാനില്ലേ എന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ട് ട്രംപ് ട്വിറ്റിലൂടെ ചോദിച്ചു.
ദക്ഷിണകൊറിയയും ജപ്പാനും ഇത് അധികകാലം സഹിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരുപക്ഷെ, ഉത്തരകൊറിയയുടെ ദീര്‍ഘകാല സഖ്യകക്ഷിയായ ചൈന അതിശക്തമായ നീക്കത്തിലൂടെ ഈ അസംബന്ധം എന്നെന്നേക്കുമായി അവസാനിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ആണവ, മിസൈല്‍ പദ്ധതികളില്‍നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കുന്നതില്‍ ചൈന പരാജയപ്പെട്ടതായി കഴിഞ്ഞമാസം ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാതെ അമേരിക്ക പകച്ചിരിക്കുകയാണ്. ദക്ഷിണകൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയും ഉപരോധത്തെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു നടപടിയെക്കുറിച്ചും ട്രംപ് ഭരണകൂടത്തിന് പറയാനില്ല. ഇറാഖിലും അഫ്ഗാനിസ്താനിലുമെല്ലാം ബോംബുകള്‍ കോരിച്ചൊരിഞ്ഞ അമേരിക്കക്ക് ഉത്തരകൊറിയയെ തൊടാന്‍ പേടിയുണ്ട്. ഉത്തരകൊറിയയോട് കളിക്കുന്നത് ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യു.എസ് ഭയക്കുന്നു. സൈനിക നടപടി അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വിഭാഗവും സമ്മതിക്കുന്നു.