ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ തനിക്കെതിരെ തുറന്നടിച്ച ഹോളിവുഡ് ഇതിഹാസം മെറില്‍ സ്ട്രീപ്പിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അഭിനയത്തിന് 4 ഓസ്‌കര്‍ പുരസ്‌കാരവും 15 ഓസ്‌കര്‍ നോമിനേഷനുകളും നേടിയ 67-കാരിയ മോശം ഭാഷയിലാണ് ട്രംപ് ട്വിറ്ററിലൂടെ നേരിട്ടത്.
‘മെറില്‍ സ്ട്രീപ്… ഹോളിവുഡിലെ അര്‍ഹതയില്ലാതെ വാഴ്ത്തപ്പെട്ട നടിമാരില്‍ ഒരാള്‍. അവര്‍ക്ക് എന്നെ അറിയില്ല. പക്ഷേ, കഴിഞ്ഞ രാത്രി ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ എന്നെ ആക്രമിച്ചു. അവര്‍ ഒരു….’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
സമഗ്ര സംഭാവനക്കുള്ള സെസില്‍ ബി ദെമില്ലി അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെയാണ് മെറിന്‍ സ്ട്രീപ് ട്രംപിനെതിരെ തുറന്നടിച്ചത്. തന്റെ പ്രചരണ കാംപെയ്‌നിടെ ശാരീരിക പരിമിതിയുള്ള ന്യൂയോര്‍ക്ക് ടൈംസ് ലേഖകനെ ട്രംപ് പരിഹസിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു മെറിലിന്റെ വാക്കുകള്‍.
‘നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാനമുള്ള കസേരയില്‍ ഇരിക്കാന്‍ ചുമതലയുള്ള ഒരു വ്യക്തി അംഗവൈകല്യമുള്ള ഒരു റിപ്പോര്‍ട്ടറെ പരിഹസിക്കുകയുണ്ടായി. അധികാരത്തിലും തിരിച്ചടിക്കാനുള്ള കരുത്തിലും തന്നേക്കാള്‍ കുറഞ്ഞ ഒരാളെ. അതുകണ്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോയി. അതെന്റെ മനസ്സില്‍ നിന്ന് പോയതേയില്ല. അത് സിനിമയിലായിരുന്നില്ല. യഥാര്‍ത്ഥ ജീവിതത്തിലായിരുന്നു.’ മെറില്‍ പറഞ്ഞു. പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള സംഘടനയെ പിന്തുണക്കാനും അവര്‍ ആഹ്വാനം ചെയ്തു.
മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ മെറിലിന്റെ പ്രതികരണത്തോട് പ്രതികരിക്കാന്‍ ആദ്യം മടിച്ച ട്രംപ് പിന്നീട് തന്റെ സ്വതസിദ്ധവും കുപ്രസിദ്ധവുമായ രീതിയില്‍ ട്വിറ്ററിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിനകം തന്നെ 3000-ലധകിം തവണ ഇത് റിട്വീറ്റ് ചെയ്യപ്പെട്ടു.
ശക്തവും രൂക്ഷവുമായ മറുപടിയാണ് ട്വിറ്ററില്‍ നിന്ന് ട്രംപിന് നേരിടേണ്ടി വന്നത്.
ഇതാദ്യമായല്ല ഹോളിവുഡില്‍ നിന്ന് ട്രംപിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്. ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും ഹോളിവുഡ് നടി സല്‍മ ഹായക് തുറന്നടിച്ചത് വിവാദമായിരുന്നു.
Related: