ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ യഥാര്‍ത്ഥ സുഹൃത്താണെന്നും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒന്നിച്ച് ചെറുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ 45ാം പ്രസിഡന്റായി അധികാരമേറ്റ ശേഷം ഫോണിലൂടെയാണ് മോദിയുമായി ട്രംപ് ഇക്കാര്യം സംസാരിച്ചത്.
പ്രതിരോധ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായും വൈറ്റ് ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. അധികാരമേറ്റ ശേഷം ട്രംപ് ഫോണിലൂടെ സംസാരിക്കുന്ന അഞ്ചാമത്തെ നേതാവാണ് മോദി. പ്രസിഡന്റായി ജയിച്ചതിന് പിന്നാലെ ട്രംപിനെ അഭിനന്ദിച്ച നേതാക്കളില്‍ മോദിയും ഉണ്ടായിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം
ആഴത്തിലുള്ളതാക്കുമെന്ന് കരുതുന്നതായും ട്വിറ്ററിലൂടെ മോദി വ്യക്തമാക്കിയിരുന്നു. ഐ.ടി രംഗത്തെ എച്ച് ബിവണ്‍ വിസയിലുള്‍പ്പെടെ ട്രംപിന്റെ കടുംപിടുത്തം ഇന്ത്യക്ക് തലവേദനയാണ്. ഇക്കാര്യത്തിലൊക്കെ സമവായത്തില്‍ എത്തേണ്ടതുണ്ട്. ഉടന്‍ തന്നെ മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.