X

മുസ്‌ലിം വിലക്ക്: ട്രംപിനെതിരെ കോടതിയുടെ ചോദ്യശരങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധ റാലി

സാന്‍ ഫ്രാന്‍സിസ്‌കോ: ഏഴ് മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ അനുകൂലിക്കുന്നവരോടും എതിര്‍ക്കുന്നവരോടും ശക്തമായ ചോദ്യങ്ങളുമായി യു.എസ് അപ്പീല്‍ കോടതി. ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം നല്‍കിയ ഹര്‍ജിന്മേല്‍ വാദം കേള്‍ക്കവെയാണ് ചോദ്യശരങ്ങളുമായി ഇരുപക്ഷത്തെയും കോടതി നേരിട്ടത്.

അമേരിക്കന്‍ സമൂഹത്തെ പരിഗണിക്കാതെ വിവാദ ഉത്തരവിറക്കുന്ന പ്രസിഡന്റിന്റെ അധികാര പരിധിയെക്കുറിച്ച് ജഡ്ജിമാരുടെ മൂന്നംഗ പാനല്‍ സംശയങ്ങളുന്നയിച്ചു. ട്രംപ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഏഴ് രാജ്യങ്ങളുടെ ഭീകരബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കോടതി ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ട്രംപിന്റെ യാത്രാ വിലക്കിനെ മുസ്്‌ലിം വിരുദ്ധമായി കാണാനാവുമോ എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒമ്പതാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

ട്രംപിന്റെ ഉത്തരവ് പുനസ്ഥാപിക്കാന്‍ നീതി വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. രാജ്യത്തേക്ക് കടക്കുന്നവരെ നിയന്ത്രിക്കാന്‍ യു.എസ് കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓഗസ്റ്റ് ഫ്‌ളെന്‍ജ് പറഞ്ഞു. യാത്രാ വിലക്കുള്ള രാജ്യങ്ങള്‍ക്ക് ഭീകരബന്ധമുണ്ടെന്നതിന് എന്താണ് തെളിവെന്ന ചോദ്യത്തിന് പല സോമാലിയക്കാരും അല്‍ശബാബുമായി ബന്ധമുള്ളവരാണെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

അക്കാര്യം കോടതിയെ ബോധിപ്പിക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയതുകൊണ്ട് യു.എസ് ഭരണകൂടത്തിന് ഒരു ദോഷവും ഉണ്ടാകില്ലെന്ന് വാഷിങ്ടണ്‍ സ്‌റ്റേറ്റിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച പ്രമുഖ കക്ഷിയാണ് വാഷിങ്ടണ്‍ സ്റ്റേറ്റ്. സോളിസിറ്റര്‍ ജനറല്‍ നോഹ പര്‍സലാണ് വാഷിങ്ടണിനു വേണ്ടി കോടതിയില്‍ ഹാജരായത്.

ട്രംപിന്റെ ഉത്തരവ് വാഷിങ്ടണിലെ ആയിരക്കണക്കിന് ആളുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്ര മുടങ്ങി. ചിലര്‍ക്ക് വിദേശത്തുള്ള കുടുംബങ്ങളെ സന്ദര്‍ശിക്കാനും സാധിച്ചില്ല. അതുകൊണ്ട് ഭരണകൂട പീഡനമായി കോടതി ഇതിനെ കണക്കാക്കണമെന്ന് പര്‍സല്‍ ആവശ്യപ്പെട്ടു. മുസ്്‌ലിം വിലക്ക് തന്നെയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രസ്താവനകളും അദ്ദേഹത്തിന്റെ ഉപദേശകരില്‍ ഒരാളുടെ പരാമര്‍ശവും പര്‍സല്‍ തെളിവായി ചൂണ്ടിക്കാട്ടി. മുസ്്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

chandrika: