വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കം. ഏറെ പരുഷമായാണ് ടേണ്‍ബുള്ളിനോട് ട്രംപ് സംസാരിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കേണ്ട ഫോണ്‍ സംഭാഷണം 25 മിനുട്ട് കഴിയും മുമ്പ് തന്നെ ട്രംപ് ഫോണ്‍ കട്ട് ചെയ്ത് അവസാനിപ്പിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അടക്കം നാല് രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചതില്‍ ഏറ്റവും മോഷപ്പെട്ട സംഭാഷണമാണ് ഇതെന്ന് അദ്ദേഹം ടേണ്ബുള്ളിനോട് പറഞ്ഞു.
അഭയാര്‍ത്ഥി പുനരവധിവാസ കരാറിനെ ചൊല്ലിയാണ് ഇരുനേതാക്കളും ഇടഞ്ഞത്. ഓസ്‌ട്രേലിയന്‍ തടങ്കല്‍ പാളയങ്ങളിലുള്ള 1250 അഭയാര്‍ത്ഥികളെ അമേരിക്കക്ക് കൈമാറാന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് രണ്ട് രാജ്യങ്ങളും കരാറിലെത്തിയിരുന്നു.
ഓസ്‌ട്രേലിയന്‍ അഭയാര്‍ത്ഥി തടങ്കല്‍ പാളയങ്ങളിലുള്ളവരില്‍ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യക്കാരാണ്. ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നേരത്തെ ഒപ്പുവെച്ച കരാര്‍ മാനിക്കണമെന്ന് ടേണ്‍ബുള്‍ ആവശ്യപ്പെട്ടതാണ് ട്രംപിനെ രോഷാകുലനാക്കിയത്.
റഷ്യയിലെ കോക്കസസ് മേഖലയില്‍നിന്ന് അമേരിക്ക ഇനിയും ബോസ്റ്റ്ണ്‍ ബോംബറുകളെ സ്വീകരിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യമായതില്‍ ടേണ്‍ബുള്‍ നിരാശപ്രകടിപ്പിച്ചു. അമേരിക്കയുമായി ഉറ്റ നയതന്ത്ര ബന്ധമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഒബാമയുടെ കാലത്ത് രണ്ട് രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ട്രംപിന്റെ വരവ് ഓസ്‌ട്രേലിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വഷളാക്കുമോ എന്ന് ആശങ്കയുണ്ട്.
വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത പുറത്തുവന്ന ശേഷം ഓസ്‌ട്രേലിയയുമായുള്ള അഭയാര്‍ത്ഥി കരാറനെ ചോദ്യംചെയ്ത് ട്രംപ് വീണ്ടും രംഗത്തെത്തി. കുടിയേറ്റക്കാരെ ഏറ്റെടുക്കുമെന്ന് ഒബാമയുടെ കാലത്ത് ഉറപ്പുകൊടുത്തതായി വിശ്വസിക്കാന്‍ സാധിക്കുമോ എന്നും അത്തരമൊരു നടക്കാത്ത കരാറിനെക്കുറിച്ച താന്‍ എന്തിന് പഠിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മെക്‌സിക്കോ അടക്കമുള്ള പല രാജ്യങ്ങളുടെയും രാഷ്ട്രത്തലന്മാരോട് ട്രംപ് കര്‍ക്കശ ഭാഷയിലാണ് സംസാരിച്ചതെന്ന് യു.എസ് വൃത്തങ്ങള്‍ പറയുന്നു. അല്‍പമെങ്കിലും മയപ്പെട്ടത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയോടാണെന്നും അവര്‍ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തില്‍ അമേരിക്കയെ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളുമായി ട്രംപ് മുന്നോട്ടുപോകുകയാണ്.