X

ഇനി ട്രംപിന്റെ അമേരിക്ക

ന്യൂയോര്‍ക്ക്: അപ്രതീക്ഷിതം, ആശ്ചര്യകരം, അട്ടിമറി… റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അങ്ങനെ വിശേഷണങ്ങള്‍ പലതുമാകാം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണ്‍ വിജയിക്കുമെന്നായിരുന്നു അമേരിക്കക്കാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പോകുന്നതുവരെ പ്രമുഖ മാധ്യമങ്ങള്‍ പ്രവചിച്ചുകൊണ്ടിരുന്നത്. ഹിലരിക്ക് 98 ശതമാനം വരെ വിജയ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞു. ഫലം പക്ഷെ, തിരിച്ചായിരുന്നു. വിജയം ട്രംപിനോടൊപ്പമായിരുന്നു. എങ്ങനെ അത് സംഭവിച്ചുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരങ്ങള്‍ രാഷ്ട്രീയ വിദഗ്ധര്‍ക്ക് മുന്നോട്ടുവെക്കാനില്ല. നിരവധി ഘടകങ്ങള്‍ ട്രംപിന്റെ നേട്ടത്തില്‍ നിര്‍ണായകമായെന്ന് കാണാം.

  • വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാരായ വോട്ടര്‍മാരില്‍നിന്ന് ട്രംപിന് ഉറച്ചപിന്തുണ ലഭിച്ചതാണ് വിജയകാരണമായി രാഷ്ട്രീയ നിരീക്ഷകരെല്ലാം ചൂണ്ടിക്കാട്ടുന്ന പ്രഥമ കാരണം. അമേരിക്കയിലെ സാമ്പത്തിക മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ ജീവിതത്തിന്റെ താളക്രമം നഷ്ടപ്പെട്ടവരാണ് അവരില്‍ ഭൂരിഭാഗവും. രാജ്യത്തിന്റെ സാംസ്‌കാരിക, വംശീയഘടനയിലുണ്ടായ വ്യതിയാനങ്ങളിലും അവര്‍ അസ്വസ്ഥരായിരുന്നു. ട്രംപിന് വോട്ടുചെയ്താണ് അവര്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചത്. വിദ്യാസമ്പന്നരായ വെള്ളക്കാര്‍ക്കും അദ്ദേഹത്തോട് അനുഭാവമുണ്ടായിരുന്നു. വെള്ളക്കാരില്‍ 80 ശതമാനവും ട്രംപിന് വോട്ടുചെയ്തുവെന്നാണ് വിവിധ സ്‌റ്റേറ്റുകളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
  • ശതകോടീശ്വരനായിട്ടും സാധാരണക്കാരുടെ കാവല്‍ഭടനായി സ്വയം അവതരിച്ച ട്രംപ് അവരുടെ വോട്ടുകള്‍ തന്റെ പെട്ടിയിലാക്കുന്നതിലും വിജയിച്ചു. മറ കൂടാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞ് അതിവേഗം ജനകീയനായി മാറി.
  • അമേരിക്കയുടെ പരമ്പരാഗത സാമ്പത്തിക, വ്യാപാര കരാറുകളെ കടുത്ത ഭാഷയില്‍ എതിര്‍ത്ത അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പിരിച്ചുവിടപ്പെട്ട തൊഴിലളികളുടെ ആശങ്കകളെ വിജയകരമായി മുതലെടുത്തു. വി്‌സ്മരിക്കപ്പെട്ട സ്ത്രീപുരുഷന്മാര്‍ നമ്മുടെ രാജ്യത്തുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം അധ്വാനവര്‍ഗത്തിന്റെ വോട്ടുകള്‍ നേടാനുള്ള മികച്ച അടവുകളൊന്നായിരുന്നു. അധ്വാനവര്‍ഗത്തിന്റെ ശബ്ദമായിരിക്കും താനെന്നും പ്രചാരണ റാലികളില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
  • എതിര്‍പ്പുകളുടെയും ആരോപണങ്ങളുടെയും തിരമാലകള്‍ തുടരെത്തുടരെ വന്നുകൊണ്ടിരുന്നപ്പോഴും അസാധാരണ ഇച്ഛാശക്തിയോടെ മത്സരരംഗത്ത് ഉറച്ചുനിന്നു. റിപ്പബ്ലിക്കന്‍ നേതൃനിരയിലെ വമ്പന്മാര്‍ പോലും കൈയൊഴിഞ്ഞപ്പോള്‍ ഒറ്റയാനായി പൊരുതിനിന്നു. യു.എസ് ജനതയുടെ മനസിനെ ട്രംപിന്റെ പോരാട്ടവീര്യം സ്വാധീനിച്ചിരിക്കാം. എതിര്‍പ്പുകള്‍ കൂടുംതോറും ജനപ്രീതി വര്‍ധിക്കുകയാണുണ്ടായത്.
  • വെള്ളക്കാരന്റെ വംശീയബോധത്തെ തൊട്ടുര്‍ത്തുന്ന പ്രചാരണ തന്ത്രങ്ങളും പ്രസ്താവനകളുമാണ് അദ്ദേഹം പുറത്തെടുത്തത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ വെള്ളക്കാരന്റെ വംശീയവേരുകള്‍ അറുത്തുമാറ്റപ്പെടുന്ന ഭീതി ജനമനസിലേക്ക് ഇട്ടുകൊടുത്തു.
  • വെള്ളക്കാരായ അധ്വാനവര്‍ഗം, പ്രത്യേകിച്ചും കോളജ് വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ടു.
  • പരമ്പാരാഗത രാഷ്ട്രീയ പ്രചാരണങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്വന്തം ശൈലിയിലൂടെയാണ് ട്രംപ് വോട്ടര്‍മാരെ സമീപിച്ചത്. വിദഗ്ധരുടെ ഉപദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ യു.എസ് ജനതയുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാനാണ് അദ്ദേഹം ശ്രമിച്ചത്.
  • പുതു തലമുറയുടെ പിന്തുണ. സാമ്പത്തിക പ്രശ്‌നങ്ങളില്‍ കുടുങ്ങി വട്ടംകറങ്ങുന്ന യുവസമൂഹത്തിന്റെ മനസ്സറിഞ്ഞുള്ള വാഗ്ദാനങ്ങളാണ് ട്രംപ് മുന്നോട്ടുവെച്ചത്. തൊഴിലിടങ്ങളില്‍ അമേരിക്കക്കാരന് മുന്‍ഗണന നല്‍കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എട്ടു വര്‍ഷത്തിനകം 2.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തില്‍നിന്ന് 3.5 ശതമാനമായി ഉയരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
  • ട്രംപിന്റെ സാമ്പത്തിക നയപ്രഖ്യാപനങ്ങള്‍ സാധാരണക്കാരനെ ആകര്‍ഷിക്കുന്നവയായിരുന്നു. നികുതികള്‍ വെട്ടിക്കുറക്കുമെന്നും ദേശീയ വ്യാപാര നയങ്ങള്‍ തദ്ദേശീയര്‍ക്ക് അനുഗുണമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആദായനികുതി പരിധി ഉയര്‍ത്തുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മറുവശത്ത് സമ്പന്നവര്‍ഗത്തെ കൈയിലെടുക്കാന്‍ ശ്രമിച്ചു. 50 ലക്ഷം ഡോളറിലേറെ മൂല്യമുള്ള സ്വത്തിന് മാത്രമായി എസ്‌റ്റേറ്റ് ടാക്‌സ് പരിമിതപ്പെടുത്തും ബിസിനസ് നികുതി 35 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പല കോര്‍പ്പറേറ്റ് തലവന്മാരെയും സുഖിപ്പിക്കുന്നവയായിരുന്നു.
  • സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ അമേരിക്കയിലെ വലിയൊരു വിഭാഗത്തിന് ഔദ്യോഗിക സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ട്രംപ് അവര്‍ക്ക് ശബ്ദംനല്‍കി. വ്യവസ്ഥിതിയെ ഉടച്ചുവാര്‍ത്ത് പുതിയൊരു അമേരിക്കയെന്ന സ്വപ്‌നത്തിന് അദ്ദേഹം ഉത്തേജനം നല്‍കി. അവിവേകങ്ങളായിരുന്നിട്ടും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍ മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ പലരെയും പ്രേരിപ്പിച്ചു.
  • ഹിലരി വിജയിക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും ട്രംപിന്റെ റാലികളിലായിരുന്നു ആളുകള്‍ കൂടുതല്‍. യു.എസ് രാഷ്ട്രീയം ആള്‍ക്കൂട്ടത്തിന് പ്രാധാന്യം നല്‍കാത്തതുകൊണ്ടായിരിക്കാം ട്രംപിനു മുന്നിലെ നിറഞ്ഞ സദസുകളെ ഹിലരി അവഗണിച്ചു.
  • ഭരണകൂട വിരുദ്ധ വികാരവും ജനവിധിയെ സ്വാധീനിച്ചു. പ്രസിഡണ്ട് ബറാക് ഒബാമയുടെ നയങ്ങള്‍ പിന്തടരുമെന്നായിരുന്നു ഹിലരിയുടെ വാഗ്ദാനം. എന്നാല്‍ ഒബാമ ഭരണകൂടത്തിന്റേതായി വിശേഷപ്പെട്ട എന്തെങ്കിലുമൊന്നും മുന്നോട്ടുവെക്കാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.
  • വന്‍ശക്തിയെന്ന നിലയില്‍ അമരിക്കയുടെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന ട്രംപിന്റെ വാഗ്ദാനവും വോട്ടായിമാറിയെന്ന് അനുമാനിക്കാം. അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഒബാമ പക്വമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കിലും പല നീക്കങ്ങളും പാളുകയായിരുന്നു.
    അമേരിക്കയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ ആളിക്കത്തിച്ച് വോട്ട് കൊയ്യാനായിരുന്നു ട്രംപിന്റെ ശ്രമം. അനുരഞ്ജനത്തിന്റെ ഭാഷ ഒഴിവാക്കി വലതുപക്ഷ തീവ്രവാദത്തെ ആളിക്കത്തിക്കാനും ശ്രമം നടന്നു.

chandrika: