വാഷിങ്ടണ്‍: വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌സ്‌വില്ലെയില്‍ ഒരാളുടെ മരണത്തിന് കാരണമായ അക്രമങ്ങളുടെ പേരില്‍ തീവ്രദേശീയവാദികളെയും ഫാഷിസ്റ്റ് വിരുദ്ധരെയും ഒരുപോലെ തള്ളിപ്പറഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിന് മൂര്‍ച്ചകൂട്ടി. കോണ്‍ഫഡറേറ്റ് പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ മാര്‍ച്ച് നടത്തിയവരില്‍ നിരവധി ആളുകള്‍ നല്ലവരാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിമത്വത്തെ മഹത്വവത്കരിക്കുന്ന വെള്ളക്കാരായ തീവ്രദേശീയവാദികളെ പേരെടുത്ത് വിമര്‍ശിക്കാതെ ഒഴിഞ്ഞുമാറിയ ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരടക്കം നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.
വംശീയവാദികള്‍ക്കും വിദ്വേഷത്തിനെതിരെ നിലകൊള്ളുന്ന അമേരിക്കക്കാര്‍ക്കുമിടയില്‍ ധാര്‍മിക താരതമ്യങ്ങള്‍ പാടില്ലെന്ന് പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മക്കെയിനും വ്യക്തമാക്കി. വെര്‍ജീനിയയിലെ സംഭവങ്ങളോട് തണുപ്പന്‍ മട്ടിലാണ് ട്രംപ് പ്രതികരിച്ചത്. തീവ്രദേശീയവാദികളെ പിണക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവനയില്‍ മിതത്വം പാലിച്ചതെന്ന ആരോപണം ശക്തമാണ്. വിമര്‍ശനങ്ങള്‍ മറികടക്കുന്നതിന് തിങ്കളാഴ്ച വെള്ളക്കാരുടെ അധീശത്വത്തിനുവേണ്ടി വാദിക്കുന്ന സംഘടനകളെ ട്രംപ് പ്രത്യേകം അപലപിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ട്രംപ് ടവറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്ലാ ഭാഗത്തെ അക്രമങ്ങളെയും അപലപിക്കുന്നുവെന്ന് പറഞ്ഞ് പഴയ പ്രസ്താവന ആവര്‍ത്തിച്ചു.
തീവ്രദേശീയവാദികളില്‍ ഭൂരിഭാഗവും നല്ലവരാണെന്ന് സ്ഥാപിക്കാന്‍ ശ്രമവും നടത്തി. അടിമകളുടെ ഉടമകളായിരുന്നുവെന്നതുകൊണ്ട് മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് വാഷിങ്ടണിന്റെയും തോമസ് ജഫേഴ്‌സണിന്റെയും പ്രതിമകള്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുമോ എന്നും ട്രംപ് ചോദിച്ചു. ട്രംപിന്റെ പ്രസ്താവനയെ കു ക്ലക്‌സ് ക്ലാന്‍ മുന്‍ നേതാവ് ഡേവിഡ് ഡ്യൂക് സ്വാഗതം ചെയ്തു. സത്യം പറയാന്‍ കാണിച്ച ധൈര്യത്തിനും സത്യസന്ധതക്കും ട്രംപിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റുകളുടെയും 55 നേതാക്കള്‍ ട്രംപിനെ ശക്തമായി വിമര്‍ശിച്ചു.
- 7 years ago
chandrika
Categories:
Video Stories
തീവ്രദേശീയവാദികളെ വെള്ളപ്പൂശി ട്രംപ്
Tags: trump