X
    Categories: indiaNews

ഇതെല്ലാം കൂടെ നമ്മളെ അക്കാലത്തേക്കുതന്നെ കൊണ്ടുപോകും; കേന്ദ്രത്തിന്റെ ചാണക ചിപ്പ് വാദത്തെ ട്രോളി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ചാണകം കൊണ്ട് നിര്‍മിച്ച ചിപ്പ് റേഡിയേഷന്‍ തടയും എന്ന രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

ഇതെല്ലാം കൂടി നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. കാറ്റാടിയില്‍ നിന്ന് ഓക്സിജനും വെള്ളവും വേര്‍തിരിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കേന്ദ്ര സര്‍ക്കാറിലെ പ്രമുഖരുടെ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

‘ഈ സര്‍ക്കാരിന്റെ ചാണക ശാസ്ത്രവും സാങ്കേതികവിദ്യയും. ഞങ്ങളുടെ ചീഫ് സയന്റിസ്റ്റ് കാറ്റാടിയന്ത്രങ്ങളില്‍ നിന്ന് വെള്ളവും ഓക്സിജനും വേര്‍തിരിച്ചെടുക്കും. അദ്ദേഹത്തിന്റെ മറ്റ് ലെഫ്റ്റനന്റുമാര്‍ കൊവിഡിനെ പപ്പടം കൊണ്ടും ഗോ കൊറോണ മന്ത്രം മുഴക്കിയും നാടുകടത്തുകയും ചെയ്യും! നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്’, എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ ഇന്ന് രാവിലെയാണ് വിചിത്ര അവകാശ വാദവുമായി രംഗത്തെത്തിയത്. പശുവിന്റെ ചാണകത്തില്‍ നിന്നുണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

അത്തരത്തലൊരു ചിപ്പും കാമധേനു അയോഗ് ചെയര്‍മാന്‍ ഔദ്യോഗികമായി പുറത്തിറക്കി. ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ പറഞ്ഞിരുന്നു.

നേരത്തെ കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന വിചിത്ര വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്നാണ് വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തില്‍ പറഞ്ഞത്.

മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

chandrika: