ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഇതോടെ തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി ഇനി മുതല്‍ ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ അറിയപ്പെടും.
ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച 1.19ഓടെയായിരുന്നു പ്രഖ്യാപനം. ചിഹ്നമായി കാറും പിങ്ക് നിറവും പാര്‍ട്ടി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.സി.ആര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയുറപ്പിക്കുകയെന്നതാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്ര ശേഖര്‍ റാവുവിന്റെ ലക്ഷ്യം. നേരത്തെ പുതിയ ദേശീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പ്രഖ്യാപനം നടത്തിയിരുന്നു.