X

‘പ്രശ്നം ഉന്നയിക്കുന്നവര്‍ അധികാരമോഹികള്‍’: ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ ഗണേശ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരണവുമായി പ്രധാനമന്ത്രി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണേശ പൂജയിൽ പ​ങ്കെടുത്തത് വിവാദമായതോടെ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അധികാരത്തോട് ആർത്തിയുള്ളവര്‍ക്കാണ് ഇത് പ്രശ്നമാകുന്നതെന്നും മോദി ഒഡിഷയിലെ ഭുവനേശ്വറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. ബ്രിട്ടീഷ് കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്നമുണ്ടായിരുന്നു. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവർക്ക് ഗണേശോത്സവത്തോട് എതിർപ്പുണ്ട്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു.

‘ഗണേശോത്സവം നമ്മുടെ രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവമല്ല. സ്വാതന്ത്ര്യ സമരത്തിൽ അത് വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോകമാന്യ തിലക്, ഗണേശ പൂജയിലൂടെയാണ് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്. അക്കാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടർന്ന ബ്രിട്ടീഷുകാർ ഗണേശോത്സവത്തെ വെറുത്തു.

സമൂഹത്തെ ഭിന്നിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന അധികാരമോഹികൾക്ക് ഇന്നും ഗണേശപൂജയിൽ പ്രശ്‌നങ്ങളുണ്ട്. ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് രോഷത്തിലാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതി വിഗ്രഹത്തെ അഴിക്കുള്ളിലാക്കിയിരിക്കുകയാണ്’ -എന്നിങ്ങനെയായിരുന്നു മോദിയുടെ വാക്കുകൾ.

സെപ്റ്റംബർ 11ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ പ്രധാനമന്ത്രി ഗണപതി പൂജക്കെത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കോൺ​ഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലുമെല്ലാം നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

webdesk13: