മുംബൈ: മല്‍സരത്തിലെ ആദ്യ പന്തില്‍ തന്നെ പുറത്താവുക എന്നത് വലിയ നാണക്കേടാണ്. പുതിയ പന്തിനെ അഭിമുഖീകരിക്കാന്‍ വരുന്നത് ടീമിലെ മികച്ച ബാറ്ററാവുമല്ലോ…. മറുഭാഗത്ത് പുതിയ പന്ത് ഏല്‍പ്പിക്കപ്പെടുക നല്ല ബൗളറെയും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അത്രയൊന്നും വിലാസമില്ലാത്ത ന്യൂ ബോള്‍ ബൗളര്‍-ജെ.സുജിതിന്റെ ആദ്യ പന്തില്‍ തന്നെ പ്രതിരോധം നഷ്ടമായി സ്ലിപ്പില്‍ ക്യാച്ചും നല്‍കി മടങ്ങിയത് ഇന്ത്യന്‍ ക്രിക്കറ്റില ഏറ്റവും മികച്ച ബാറ്ററായിരുന്നു-സാക്ഷാല്‍ വിരാത് കോലി. ഐ.പി.എല്‍ പതിനഞ്ചാം സീസണില്‍ ഇതാദ്യമായല്ല അദ്ദേഹം ഗോള്‍ഡന്‍ ഡക്കാവുന്നത്-കൃത്യമായി കണക്കെടുത്താല്‍ മൂന്നാം തവണ.
ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് സൂപ്പര്‍ താരം ടീമിന്റെ 12 മല്‍സരങ്ങളിലും കളിച്ചു. തുടക്കത്തില്‍ മൂന്നാം നമ്പറില്‍. പിന്നെ ഒന്നാം നമ്പറില്‍. ആകെ സമ്പാദ്യം 216 റണ്‍സ്. അതിലൊരു അര്‍ധ ശതകവും. ആറ് തവണയാണ് ഒറ്റയക്കത്തില്‍ പുറത്തായത്. 33 കാരന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് പോലും ഉത്തരമില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ബാറ്റര്‍ ഇത്തവണ നായക സ്ഥാനമില്ലാതെ, ടെന്‍ഷന്‍ കുറച്ചാണ് ചാമ്പ്യന്‍ഷിപ്പിന് എത്തിയത്. ഫാപ് ഡുപ്ലസി എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ടീമിന്റെ അമരത്ത്. കോലി ചോദിച്ച ഏത് റോളും എളുപ്പത്തില്‍ നല്‍കുന്ന ക്യാപ്റ്റന്‍. പക്ഷേ ഡുപ്ലസി ഗംഭീരമായി കളിക്കുമ്പോള്‍ കോലി തല താഴ്ത്തി മടങ്ങുന്നു. ഓഫ് സ്റ്റംമ്പിലേക്ക് വരുന്ന പന്തിനെ വിറച്ചാണ് വിരാത് നേരിടുന്നത്. അദ്ദേഹത്തിന് തന്നെ ക്രീസിലെ ചുവടില്‍ ഉറപ്പില്ല. ഈ വര്‍ഷം ടി-20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ദേശീയ ടീമില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനത്തെ ചൊല്ലി ചോദ്യമുയരുകയും ചെയ്യുന്നു.
ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവശ്യപ്പെടുന്നത് വിരാത് തല്‍ക്കാലം കളത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്. രവിശാസ്ത്രിയാണ് ഈ വാദത്തിലെ പ്രമുഖന്‍. ചെറിയ ബ്രേക്ക് നല്ലതാണ്. സമ്മര്‍ദ്ദമകറ്റി കരുത്തനായി തിരികെ വരാനാവും. എന്നാല്‍ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത് ബ്രേക്ക് വേണ്ടെന്നാണ്. സമീപനം മാത്രം മാറ്റിയാല്‍ മതി. കൂടുതല്‍ കളിക്കുക. ഫോമിലേക്ക് തിരികെ വരുക. മാറി നിന്നാല്‍ അവസരങ്ങളാണ് നഷ്ടമാവുക.
ഐ.പി.എല്ലിനേക്കാള്‍ ക്രിക്കറ്റ് ലോകം വിരാതിന്റെ മികവ് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ജഴ്‌സിയിലാണ്. ലോകകപ്പ് വര്‍ഷത്തില്‍ വിരാതിന്റെ മികവ് ഇന്ത്യക്ക്് നിര്‍ബന്ധമാണെന്നും ഗവാസ്‌ക്കര്‍ പറയുന്നു. ബാറ്റിംഗ് പരാജയത്തിലും വിരാത് പക്ഷേ നിരാശനല്ല. ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ കളിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം സണ്‍റൈസേഴസ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ ഒമ്പത് പന്തില്‍ നിന്ന് 30 റണ്‍സ് നേടി മടങ്ങിയ ദിനേശ് കാര്‍ത്തിക്കിനെ ഡ്രസ്സിംഗ് റൂമില്‍ വിരാത് സ്വീകരിക്കുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.