ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമെന്ന് റിപ്പോര്‍ട്ട്. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങാനും, ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ റോഡ് നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഇതിനാവശ്യമായ പണം ലഭിച്ചില്ലെന്ന് സൈന്യം പാര്‍ലമെന്ററി പാനല്‍ മുമ്പാകെ വ്യക്തമാക്കി. പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന .യുദ്ധ ഭീഷണി വലുതാണ്. ഈ സാഹചര്യത്തില്‍ സൈന്യത്തിന്റെ ആധുനിക വത്കരണം അടിയന്തരമായി നടക്കേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ പണം സൈന്യത്തിന് അനുവദിക്കുന്നില്ലെന്നും സൈന്യം അറിയിച്ചതായി പാര്‍ലമെന്ററി പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി നടപ്പാക്കേണ്ട 125 പദ്ധതികള്‍ക്കായി സൈന്യത്തിന് 29,033 കോടി വേണ്ട സ്ഥാനത്ത് ബജറ്റില്‍ അനുവദിച്ചത് 21,338 കോടി മാത്രമാണ്. 10 ദിവസം ശക്തമായ യുദ്ധം നടത്താനാവശ്യമായ ആയുധങ്ങള്‍ പോലും വാങ്ങാന്‍ 6,380 കോടിയുടെ കുറവാണ് സൈന്യം നേരിടുന്നത്. 2018-19ലെ കേന്ദ്ര ബജറ്റ് തങ്ങളുടെ എല്ലാ പ്രതീക്ഷകളെ തല്ലിക്കെടുത്തിയതായി ആര്‍മി വൈസ് ചീഫ് ലഫ്.ജനറല്‍ ശരത് ചന്ദ് പാര്‍ലമെന്ററി പാനലിന് മുമ്പാകെ പറഞ്ഞു. ഇതുവരെ നേടിയത് എന്താണോ അതിന് തിരിച്ചടിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ സൈന്യത്തിനുള്ള തുക നാമമാത്രമായി വര്‍ധിപ്പിച്ചത് പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മുന്തിയ പരിഗണനയെന്ന മോദി സര്‍ക്കാറിന്റെ പൊള്ള വാദങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്താനും ചൈനയും സൈന്യത്തെ വളരെ വേഗത്തിലാണ് ആധുനിക വത്കരിക്കുന്നത്. ഈ ശ്രദ്ധ ഇന്ത്യന്‍ സൈന്യത്തിനും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ കയ്യിലുള്ള 68 ശതമാനം ആയുധങ്ങളും കാലപ്പഴക്കം ചെന്നതാണ്. 24 ശതമാനം നടപ്പ് ആയുധങ്ങളും എട്ട് ശതമാനം ഉപയോഗ ശൂന്യവുമാണ്. ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, എന്നിവ വാങ്ങിക്കുന്നതിനായി ആവശ്യമായ തുക ലഭിക്കുന്നില്ലെന്നും പാനല്‍ മുമ്പാകെ സൈന്യം അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കുന്നതിനായി സൈന്യത്തിന് 902 കോടി രൂപയുടെ കുറവുണ്ടെന്നും 14 ശതമാനം സൈനിക ബജറ്റ് മാത്രമാണ് ആധുനിക വത്കരണത്തിന് പോകുന്നതെന്നും ഇത് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെട്ടു.