കോഴിക്കോട്: മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി മറി കടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനത്തില്‍ പരമ്പരാഗത മത്സ്യബന്ധനം കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 2007ല്‍ കേരളനിയമസഭ നിയമം പാസാക്കിയിരുന്നു. ഇതിന്റെ ബലത്തിലാണ് നാളിതുവരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് സമയത്തും മീന്‍ പിടിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. 2007ല്‍ പാസാക്കിയ നിയമം സംബന്ധിച്ച് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധിക്കാതെ പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പരിഭ്രാന്തിയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം കുറേദിവസങ്ങളായി മത്സ്യബന്ധനത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. അന്തരീക്ഷം തെളിഞ്ഞതോടെ നാടന്‍ വള്ളങ്ങള്‍ കടലില്‍ പോകാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് അവരുടെ ഹൃദയം തകര്‍ക്കുന്ന വിധത്തില്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന വള്ളങ്ങള്‍ തടഞ്ഞാല്‍ പ്രക്ഷോഭം നടത്തുമെന്ന് കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് മത്സ്യബന്ധനവകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. നിയമസഭ പാസാക്കിയ നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള മന്ത്രി ഇങ്ങനെ പറയുന്നത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി വേണം കാണാന്‍. തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തടഞ്ഞാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.