ട്രോളിങ് നിരോധനം തീരാറായതോടെ ബേപ്പൂർ ഫിഷിങ് ഹാർബറിൽ ബോട്ടുകൾ കടലിലേക്ക് കുതിക്കാൻ ഒരുക്കമായി. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ 52 ദിവസത്തെ നിരോധനം ജൂലൈ 31 അർധരാത്രിയോടെ അവസാനിക്കും.
അഞ്ഞൂറിലധികം ബോട്ടുകൾ ബേപ്പൂർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്താറുണ്ട്. കടലിൽ പോകുന്നതിനാവശ്യമായ ഡീസൽ, ഐസ്, കുടിവെള്ളം എന്നിവ ബോട്ടുകളിൽ നിറക്കുന്നതിന് അധികൃതരിൽനിന്ന് അനുമതി ലഭിച്ചതോടെ ബുധനാഴ്ച മുതൽ തുറമുഖത്തെ പ്രവർത്തനങ്ങൾ സജീവമായി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ നിയമനടപടികളും പൂർത്തിയാക്കി മീൻപിടിത്തത്തിന് പോകാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. 5000 ലിറ്റർ ഡീസലും 400 ബ്ലോക്ക് ഐസും 5000 ലിറ്ററോളം കുടിവെള്ളവും ഭക്ഷണസാധനങ്ങളും പച്ചക്കറികളും സംഭരിച്ചാണ് കടലിൽ പോകുന്നത്.