X

ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

ഷാജഹാന്‍
കൊച്ചി/മട്ടാഞ്ചേരി
കേരള തീരത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസത്തെ ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ തീരമേഖല വറുതിയിലാകും. ഇപ്പോള്‍ തന്നെ മല്‍സ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ഈ മേഖലയിലുള്ളവരുടെ ജീവിതം ദാരിദ്ര്യത്തിന്റെ നിഴലിലാണ്. പരമ്പരാഗത യാനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തിയായ 22 കിലോമീറ്റര്‍ ചുറ്റളവില്‍ മല്‍സ്യബന്ധനം നടത്താമെന്നുള്ളത് മാത്രമാണ് ആശ്വാസം. സംസ്ഥാനത്ത് 1200 ഇന്‍ ബോര്‍ഡ് വള്ളങ്ങളും അയ്യായിരത്തോളം ഔട്ട് ബോര്‍ഡ് വള്ളങ്ങളും ഉള്ളതായാണ് കണക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരുന്നു. നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. കോസ്റ്റല്‍ പൊലീസും അവരുടേതായ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
ഇന്‍ ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളേയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി, മുനമ്പം എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എഴുന്നൂറോളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യാര്‍ഡുകളില്‍ കയറ്റി തുടങ്ങി.സംസ്ഥാനത്ത് 3800 ഓളം ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതര സംസ്ഥാന ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക് പോയി തുടങ്ങി. ഇവരുടെ ബോട്ടുകളില്‍ പലതും ഇവിടെ നങ്കൂരമിട്ടതിന് ശേഷമാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ പതിനാലിന് രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ തീരമേഖലയിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിരോധനവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കും. ഇതിന് പുറമേ ലഘുലേഖകളും വിതരണം ചെയ്യും. തീരമേഖലയിലെ പെട്രോള്‍ ബങ്കുകള്‍ക്ക് ട്രോളിംഗ് ബോട്ടുകള്‍ ഒഴികെ പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയ ത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ നിരോധന കാലയളവില്‍ ട്രോളിംഗ് തടയുന്നതിന് നിരീക്ഷണം ശക്തമാക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബോട്ടിന് പുറമേ രണ്ട് ബോട്ടുകള്‍ കൂടി പെട്രോളിംഗ് നടത്തും. ഇതിന് പുറമേ കോസ്റ്റല്‍ പൊലീസിന്റെ ബോട്ടും പെട്രോളിംഗ് നടത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോസ്റ്റല്‍ പൊലീസ് പതിനഞ്ച് മുതല്‍ കണ്‍ട്രോള്‍ റൂം തുറക്കും. ഇതിന് പുറമേ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റെയും നിരീക്ഷണം കടലിലുണ്ടാകും.
ട്രോളിങ് നിരോധനത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, അനുബന്ധതൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍ എന്നിവര്‍ക്ക് മുന്‍ കാലങ്ങളിലേതുപോലെ സൗജന്യ റേഷന്‍ അനുവദിക്കും. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ അനുവദിക്കപ്പെട്ട നിലവിലുള്ള പട്ടികയിലുള്ളവര്‍ പുതുതായി അപേക്ഷിക്കേണ്ട. പുതിയ അപേക്ഷകര്‍ അതത് മത്സ്യഭവന്‍ ഓഫീസുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര ജാഗ്രത പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പലും, ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും സജീവമായിരിക്കും. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര സുരക്ഷ ഉപകരണങ്ങള്‍ യാനങ്ങളില്‍ കരുതേണ്ടതും, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടതുമാണ്. കടല്‍ രക്ഷാപ്രവര്‍ത്തനം ആവശ്യമായിവരുന്ന അവസരങ്ങളില്‍ ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. ഫിഷറീസ് കണ്‍ട്രോള്‍ റൂം 04842502768, 9496007037, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് 9496007048. കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ അഴീക്കോട് 04802815100, ഫോര്‍ട്ട്‌കൊച്ചി 04842215006, 1093, കോസ്റ്റ് ഗാര്‍ഡ് 04842218969, 1554 (ടോള്‍ഫ്രീ) നേവി 04842872354, 2872353.

chandrika: