X

ഗൗരവമുള്ള പി ആര്‍ വഷയം നിസ്സാരവല്‍ക്കരിക്കുന്നു, മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല: പികെ കുഞ്ഞാലിക്കുട്ടി

പി.ആർ ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന സ്റ്റേറ്റ്‌മെന്റ് പത്രങ്ങൾക്ക് നൽകി എന്ന ഗുരുതരമായ വിഷയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവമുള്ള വിഷയമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മലപ്പുറത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇതുപയോഗിക്കും.

കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്. ഇതൊരു അബദ്ധമാണെന്ന് കരുതാനാവില്ല. ഈ ക്യാമ്പയിന് നേതൃത്വം നൽകിയത് ആരായാലും അതിനെ നിസ്സാരവൽക്കരിച്ചിട്ട് കാര്യമില്ല. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കുന്ന ഇത്തരം ഛിദ്രശക്തികൾക്ക് ക്യാമ്പയിൻ മെറ്റീരിയൽ കൊടുത്തു എന്നത് നിരുത്തരവാദപരമാണ്.

പൂരം കലക്കിയതാണ് എന്ന് സമ്മതിക്കുമ്പോഴും ആരോ കലക്കിയതാണ് എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്. ദുരുഹമായ സംഗതിയാണിത്. കാലങ്ങളായി നടക്കുന്ന വർഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി എന്നത് ഗൗരവമുള്ള സംഗതിയാണ്.

പി.ആർ ഏജൻസിയെ അറിയില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. കേരളത്തെ തീവ്രവാദത്തിന്റെ ആസ്ഥാനമാക്കാൻ ശ്രമിക്കുന്നവർക്ക് വടികൊടുക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

webdesk17: