X

ശാഖയുടെ ശരീരത്തില്‍ ചുറ്റിപ്പിണഞ്ഞ് അലങ്കാരവിളക്കുകള്‍; നടത്തിയത് ആസൂത്രിത കൊലപാതകം

തിരുവനന്തപുരം: തന്നെക്കാള്‍ പ്രായമേറിയ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനാണ് അരുണ്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന്റെ നിഗമനം. വിവാഹഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത് പ്രകോപനത്തിനിടയാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഒക്ടോബര്‍ 20നാണ് ബാലരാമപുരം പത്താംകല്ല് സ്വദേശി അരുണും(26) കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയും വിവാഹിതരായത്. നാല് വര്‍ഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പമായി വളര്‍ന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. എന്നാല്‍ 26കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചു. പക്ഷേ, വിവാഹക്കാര്യത്തില്‍ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു.

എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളും ശാഖയുടെ പേരിലുണ്ട്. ഒരു റബ്ബര്‍ തോട്ടം ലീസിന് നല്‍കിയതിലൂടെ ലഭിച്ച നാല് ലക്ഷം രൂപ കൊണ്ടാണ് ശാഖ വിവാഹം നടത്തിയത്. ഇതിന് പുറമേ ലക്ഷങ്ങള്‍ അരുണിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനല്‍കി.

ക്രിസ്മസ് ദിവസം രാത്രി 10 മണി വരെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ശാഖയുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണമെല്ലാം കഴിച്ചാണ് ഇവര്‍ മടങ്ങിയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ശാഖയ്ക്ക് ഷോക്കേറ്റെന്ന് അരുണ്‍ ബന്ധുക്കളെയും അയല്‍ക്കാരെയും വിവരമറിയിക്കുന്നത്. ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നനിലയിലാണ് ശാഖയെ ഇവര്‍ കണ്ടത്. ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

താന്‍ കിടപ്പുമുറിയില്‍നിന്ന് ഉറക്കമുണര്‍ന്ന് വന്നപ്പോള്‍ ശാഖയെ ഷോക്കേറ്റ് കിടക്കുന്നനിലയില്‍ കണ്ടെന്നാണ് അരുണ്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ഭാര്യ കിടപ്പുമുറിയില്‍നിന്ന് എഴുന്നേറ്റ് പോയത് അറിഞ്ഞില്ലേയെന്ന ചോദ്യത്തിന് അരുണ്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശാഖയുടെ മൃതദേഹം ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഞായറാഴ്ചയാകും പോസ്റ്റുമോര്‍ട്ടം. ഇതിനുശേഷം അരുണിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് പൊലീസ് നല്‍കുന്നവിവരം.

Test User: