തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ജീന്‍സും, ലെഗിന്‍സും ഉപയോഗിക്കരുതെന്ന തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഉത്തരവ് വിവാദത്തില്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഒക്ടോബര്‍ 20ാം തിയതി വ്യാഴാഴ്ചയാണ് വൈസ് പ്രിന്‍സിപ്പല്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലര്‍ പ്രകാരം ആണ്‍കുട്ടികള്‍ വൃത്തിയുളള സാധാരണ വസ്ത്രവും ഷൂസും മാത്രമെ ധരിക്കാവു. ലെഗിന്‍സിനും ജീന്‍സിനുമുള്ള നിരോധനത്തിന് പിറകെ പാദസരങ്ങള്‍,വളകള്‍ പോലുള്ള ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള ആഭരണങ്ങളൊന്നും ഉപയോഗിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.