തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിനുള്ള ലേലനടപടികള്‍ക്ക് കേരളം വിദഗ്‌ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധനമുള്ള നിയമസ്ഥാപനത്തെ. മുംബൈ ആസ്ഥാനമായ നിയമസ്ഥാപനത്തിന്റെ പാര്‍ട്ണറാണ് കരണ്‍ അദാനിയുടെ ഭാര്യ പരീധി അദാനി. ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ ഈ സ്ഥാപനം ഘടകമായെന്ന് കെഎസ്‌ഐഡിസി നല്‍കിയ വിവരാവകാശ രേഖ വ്യകത്മാക്കുന്നു.
കേരള സര്‍ക്കാര്‍ തോറ്റുപോയ ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്‌ഐഡിസിക്ക് പിന്‍ബലം മുഴുവല്‍ നല്‍കിയത് രണ്ട് സ്ഥാപനങ്ങളാണ്. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗൂപ്പും പ്രളയ പുനരധിവാസ കണ്‍സല്‍റ്റന്‍സിയിലൂടെ വിവാദത്തിലായ കെപിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗല്‍ദാസ് ഗ്രൂപ്പിനും നല്‍കി. പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആറും കേരളത്തിന്റെ കിഫ്ബിയും തുടങ്ങി മംഗല്‍ദാസ് ഗ്രൂപ്പിന്റെ ക്ലയന്റ് പട്ടികയില്‍ അദാനി ഗ്രൂപ്പും ഉണ്ട്. പക്ഷേ, ബന്ധം ഇവിടം കൊണ്ടു തീരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണം എത്തിയത് കക്ഷി, അഭിഭാഷകബന്ധത്തിനപ്പുറമുള്ള ഉറ്റബന്ധത്തിലേക്കാണ്.
സിഎഎം ഗ്രൂപ്പിന്റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്റെ മകളും ഈ ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ പരീധി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മരുമകളാണ്. അതായത് തിരുവനന്തപുരത്തെ അടക്കം തുറമുഖ പദ്ധതികളുടെ ചുമതലയുള്ള അദാനി പോര്‍ട്‌സിന്റെ സിഇഒ കരണ്‍ അദാനിയുടെ ഭാര്യ. ഇനി ഇവര്‍ക്ക് 57 ലക്ഷം രൂപ നല്‍കിയത് എന്തിനെന്ന് നോക്കാം. പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലം.
ഈ ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയും വാഗ്ദാനം ചെയ്തത് വിമാനത്താവളം അദാനി കൊണ്ടുപോയതും.