X

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ന്യൂസ് എക്‌സ് ചാനലിന്റെ സര്‍വ്വേ

ന്യൂഡല്‍ഹി: ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് ദേശീയ ചാനലായ ന്യൂസ് എക്‌സ്ജന്‍കി ബാത്ത് സര്‍വ്വെയുടേതാണ് പ്രവചനം. ആകെയുള്ള ആറുപത് സീറ്റില്‍ 31 മുതല്‍ 37 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. സി.പി.എം 23 മുതല്‍ 29 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നുമാണ് സര്‍വെ പ്രവചിക്കുന്നത്. ജനുവരി 31 നും ഫെബ്രുവരി മൂന്നിനും ഇടയിലാണ് സര്‍വെ നടത്തിയത്

സംസ്ഥാനത്ത് 2013 ല്‍ അറുപതില്‍ 49 സീറ്റ് നേടിയായിരുന്നു മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എം അധികാരത്തില്‍ എത്തിയത്. സി.പി.എമ്മിന് സ്വാധീനമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് തൃപുര. ഈ മാസം 18 നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ത്രിപുരയില്‍ എന്ത് വിലകൊടുത്തും ഭരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രചരണപരിപാടി. മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും കാബിനറ്റ് മന്ത്രിമാരുമായ അതിത്ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.

മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.

മോദി പ്രധാനമന്ത്രി പദത്തിലും അമിത് ഷാ ബി.ജെ.പി ദേശീയ പ്രസിഡണ്ട് പദത്തിലും എത്തിയ ശേഷം നടന്ന ഭൂരിഭാഗം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവ മാത്രമാണ് ഇതിന് മറുകുറി എഴുതിയത്. എന്നാല്‍ ബിഹാറില്‍ പിന്നീട് നീതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

chandrika: