X
    Categories: CultureMoreNewsViews

ലോക തൊഴിലാളി ദിനത്തിലെ പൊതു അവധി ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍ നിര്‍ത്തലാക്കി

അഗര്‍ത്തല: ലോകതൊഴിലാളി ദിനത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ത്രിപുര സര്‍ക്കാര്‍ ഒഴിവാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മെയ് ദിനം ഇനി മുതല്‍ നിയന്ത്രിത അവധി ദിനങ്ങളുടെ പട്ടികയിലാകും ഉള്‍പ്പെടുകയെന്ന് വ്യക്തമാക്കി അണ്ടര്‍ സെക്രട്ടറി എസ്.കെ. ദേബര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് ദിനമുള്‍പ്പെടെ 11 നിയന്ത്രിത അവധി ദിനങ്ങളാകും ഇനി മുതല്‍ ത്രിപുരയിലുണ്ടാകുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 11 നിയന്ത്രിത അവധി ദിവസങ്ങളില്‍ ഏതെങ്കിലും നാലെണ്ണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി എടുക്കാവുന്നതാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പിയുടെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുരയിലെ മുന്‍ തൊഴില്‍ മന്ത്രിയായ മണിക് ദേ പ്രതികരിച്ചു. തൊഴിലാളികളോടുള്ള ഇവരുടെ വിരുദ്ധ മനോഭാവവും നിലപാടും ഇതില്‍ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനദിനമായിട്ടാണ് മെയ് ദിനത്തെ എല്ലാവരും കരുതുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ പൊതു അവധി ഇല്ലാതാക്കിയ നടപടി ഉണ്ടായിട്ടില്ലെന്നും മണിക് ദേ കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: